വെടിക്കെട്ടിൽ 13 വർഷത്തെ പരിചയസമ്പത്ത്,ഇത്തവണയും കാത്തുവെച്ചത് വിസ്മയങ്ങൾ;അച്ഛന്റെ പാത പിന്തുടർന്നെത്തിയ സതീഷ്

മുണ്ടത്തിക്കോട് അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലാണ് സതീഷ്

വെടിക്കെട്ടിൽ 13 വർഷത്തെ പരിചയസമ്പത്ത്,ഇത്തവണയും കാത്തുവെച്ചത് വിസ്മയങ്ങൾ;അച്ഛന്റെ പാത പിന്തുടർന്നെത്തിയ സതീഷ്
dot image

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനമുണ്ടായ വെടിക്കെട്ട് നിര്‍മ്മാണ ശാലയുടെ ലൈസെൻസിയും വെടിക്കെട്ടിൻ്റെ കരാറുകാരനും മുണ്ടത്തിക്കോട് സ്വദേശിയായ സതീഷ് ആയിരുന്നു. പരിചയസമ്പന്നനായ വെടിക്കെട്ട് വിദഗ്ധനാണ് സതീഷ്. വെടിക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളിൽ 13 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീഷായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്.

പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീഷ് വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്‌ത്‌ കൈവഴക്കം വന്ന വ്യക്തിയാണ് ഇദേഹം. തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വ്യക്തി കൂടിയാണ് സതീഷ്. മണി ഫയർവർക്സ് എന്ന പേരിലാണ് ഇവരുടെ വെടിക്കെട്ട് നിർമാണശാലയുടെ ലൈസൻസ്. നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിനും നേതൃത്വം നൽകിയത് മണി ഫയർവർക്സാണ്.

ഇത്തവണ തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രമാണ് സതീശൻ വെടിക്കെട്ട് ഒരുക്കിയത്. പൂരത്തിനായി കാത്തുവെച്ചത് വിസ്മയങ്ങളായിരുന്നു. സുരക്ഷാക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയിരുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. വെടിക്കെട്ടിനായി അനധികൃത കെമിക്കലുകളോ വസ്തുക്കളോ ഉപയോഗിച്ചിരുന്നില്ലെന്ന് അപകടത്തിൽ രക്ഷപ്പെട്ട തൊഴിലാളി വ്യക്തമാക്കിയിരുന്നു. സതീഷിൻ്റെ നിർമാണശാലയിൽ നാൽപതോളം തൊഴിലാളികളുണ്ടായിരുന്നു.

അപകടസമയം സതീഷും സ്ഥലത്തുണ്ടായിരുന്നു. ദുരന്തത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ നടുക്കിയ ദുരന്തത്തിൽ പതിമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: Mundathikode Satheesan was the licensee and contractor of the fireworks, the explosion took place in Mundathikode Thrissur

dot image
To advertise here,contact us
dot image