Kerala Assembly Election 2026: കോൺഗ്രസിന് ബാലികേറാമലയായ 3 ജില്ലകൾ; കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിൽ വിജയമില്ല

യുഡിഎഫ് എന്ന നിലയിൽ വിജയം ഉണ്ടായെങ്കിലും സ്വന്തം നിലയിൽ ഈ ജില്ലകളിൽ നേട്ടം ഉണ്ടാക്കാൻ കോൺ​ഗ്രസിന് സാധിച്ചില്ല

Kerala Assembly Election 2026: കോൺഗ്രസിന് ബാലികേറാമലയായ 3 ജില്ലകൾ; കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിൽ വിജയമില്ല
dot image

2008ലെ മണ്ഡല പുനർനിർ‍ണ്ണയത്തിന് ശേഷം കേരളത്തിൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകൾ തന്നെയാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചൂണ്ടുപലകയാകുന്നത്. 2001ൽ യുഡിഎഫ് 99 സീറ്റ് അധികാരത്തിൽ വന്നപ്പോൾ 2006ൽ എൽഡിഎഫിന് 102 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൻ്റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് അധികാരത്തിൽ വന്നത്. യുഡിഎഫ് 72 സീറ്റിൽ വിജയിച്ചപ്പോൾ എൽഡിഎഫ് 70 സീറ്റിലാണ് വിജയിച്ചത്. അതിന് ശേഷം 2016ലും 2021ലും നടന്ന തെരഞ്ഞടുപ്പിൽ മികച്ച വിജയം നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു. 2016ൽ 91 സീറ്റുകളിലായിരുന്നു എൽഡിഎഫിൻ്റെ വിജയം. 2021ൽ എൽഡിഎഫ് 99 സീറ്റുകളിലാണ് വിജയിച്ചത്. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഒന്നിൽ യുഡിഎഫും രണ്ടെണ്ണത്തിൽ എൽഡിഎഫും വിജയിച്ചിരുന്നു.

മണ്ഡല പുനർനിർണ്ണയത്തിന് ശേഷം കോൺ​ഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിക്കാത്ത മൂന്ന് ജില്ലകൾ സംസ്ഥാനത്തുണ്ട്. കാസർകോട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ 2011ന് ശേഷം യുഡിഎഫ് എന്ന നിലയിൽ വിജയം ഉണ്ടായെങ്കിലും സ്വന്തം നിലയിൽ ഈ ജില്ലകളിൽ നേട്ടം ഉണ്ടാക്കാൻ കോൺ​ഗ്രസിന് സാധിച്ചില്ല.

കാസർകോട്

കാസർകോട് ജില്ലയിൽ ആകെയുള്ള അഞ്ച് സീറ്റുകളിൽ രണ്ടിടത്ത് മുസ്ലിം ലീ​ഗും മൂന്നിടത്ത് കോൺ​ഗ്രസുമാണ് മത്സരിക്കാറുള്ളത്. ഇതിൽ 2021ൽ തൃക്കരിപ്പൂർ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിന് വിട്ടു നൽകിയിരുന്നു. ഇത്തവണ തൃക്കരിപ്പൂർ കോൺ​ഗ്രസ് തിരികെ വാങ്ങി കാഞ്ഞങ്ങാട് വിട്ടുനിൽകിയിട്ടുണ്ട്. 2011 മുതൽ കാസർകോട് ജില്ലയിൽ കോൺ​ഗ്രസിന് വിജയിക്കാൻ സാധിച്ചിട്ടില്ല. യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലിം ലീ​ഗ് മത്സരിക്കുന്ന കാസർകോട്, മഞ്ചേശ്വരം സീറ്റുകളിൽ അവർക്ക് വിജയിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ജില്ലയിൽ മത്സരിക്കുന്ന സീറ്റുകൾ കോൺ​ഗ്രസിനെ സംബന്ധിച്ച് ബാലികേറാമലയാണ്.

കോൺ​ഗ്രസിന് സ്വാധീനമുള്ള ഉദുമ മണ്ഡലത്തിൽ 1987ൽ മാത്രമാണ് കോൺ​ഗ്രസിന് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. 2016ൽ കെ സുധാകരൻ നേരിട്ടിറങ്ങിയെങ്കിലും ഉദുമ സിപിഐഎമ്മിനൊപ്പം ഉറച്ച് നിന്നു. 2021ൽ സിപിഐഎമ്മിൻ്റെ സി എച്ച് കുഞ്ഞമ്പു ഇവിടെ 13322 വോട്ടിന് വിജയിച്ചിരുന്നു.

തൃക്കരിപ്പൂർ മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം 1977 മുതൽ നടന്ന ഒരു തിരഞ്ഞെടുപ്പുകളിലും വിജയിക്കാൻ കോൺ​ഗ്രസിന് സാധിച്ചിട്ടില്ല. രൂപീകരിക്കപ്പെട്ടതിന് ശേഷം സിപിഐഎമ്മിനെ മാത്രം വിജയിപ്പിക്കുന്ന മണ്ഡലമാണ് തൃക്കരിപ്പൂർ‍. 2021ൽ സിപിഐഎമ്മിൻ്റെ എം രാജ​ഗോപാൽ 26137 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2021ൽ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൻ്റെ എം പി ജോസഫായിരുന്നു ഇവിടെ യുഡിഎഫിനായി മത്സരരം​ഗത്ത് ഇറങ്ങിയത്.

കാസർകോട് ജില്ലയിൽ കോൺ​ഗ്രസ് മത്സരിച്ച മൂന്നാമത്തെ മണ്ഡലമാണ് കാഞ്ഞങ്ങാട്. മണ്ഡലം രൂപീകരിക്കപ്പെട്ട 2011ന് ശേഷം സിപിഐ ആണ് ഇവിടെ വിജയിച്ച് വരുന്നത്. 2021ൽ സിപിഐയുടെ ഇ ചന്ദ്രശേഖരൻ കോൺ​ഗ്രസിൻ്റെ പി വി സുരേഷിനെ 27139 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

ഇത്തവണ കാസ‍ർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ മത്സരചിത്രം ഇങ്ങനെ

കാസർകോട്

  • LDF-ഷാനവാസ് പാദൂർ- ഇടതു സ്വതന്ത്രൻ
  • UDF-കല്ലട്ര മായിൻ ഹാജി- മുസ്ലിം ലീഗ്
  • NDA-അശ്വിനി എം എൽ- ബിജെപി

മഞ്ചേശ്വരം

  • LDF-കെ ആർ ജയാനന്ദ-സിപിഐഎം
  • UDF-എകെഎം അഷ്‌റഫ്-കോൺഗ്രസ്
  • NDA-കെ സുരേന്ദ്രൻ-ബിജെപി

കാഞ്ഞങ്ങാട്

  • LDF-അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ-സിപിഐ
  • UDF-ഷൈജി ഓട്ടപ്പള്ളി-കേരള കോൺഗ്രസ്
  • NDA-എം ബൽരാജ്-ബിജെപി

ഉദുമ

  • LDF-അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു-സിപിഐഎം
  • UDF-കെ നീലകണ്ഠൻ- കോൺഗ്രസ്
  • NDA-മനുലാൽ മേലോത്ത്-ബിജെപി

തൃക്കരിപ്പൂർ

  • LDF-ഡോ. വിപിപി മുസ്‌തഫ- സിപിഐഎം
  • UDF-സന്ദീപ് വാര്യർ- കോൺഗ്രസ്
  • NDA-രവി കുളങ്ങര- ട്വൻ്റി 20

കോഴിക്കോട്

കോഴിക്കോട് ജില്ല കഴിഞ്ഞ കാൽനൂറ്റാണ്ടായി കോൺ​ഗ്രസിന് ബാലികേറാമലയാണ്. 2001ലാണ് കോൺ​ഗ്രസ് കോഴിക്കോട് ജില്ലയിൽ നിന്ന് അവസാനമായി അക്കൗണ്ട് തുറന്നത്. 2001ൽ കൊയിലാണ്ടിയിൽ നിന്ന് പി ശങ്കരനും കോഴിക്കോട് ഒന്നിൽ നിന്ന് എ സുജനപാലുമാണ് കോഴിക്കോട് നിന്ന് ഏറ്റവും ഒടുവിൽ വിജയിച്ച കോൺ​ഗ്രസ് എംഎൽഎമാർ‍. യുഡിഎഫ് എന്ന നിലയിൽ ഇക്കാലയളവിൽ മുസ്ലിം ലീ​ഗും, ആർഎംപിയും കോഴിക്കോട് നിന്ന് വിജയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. നിലവിൽ കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളിൽ കോഴിക്കോട് നോർത്ത്, ബേപ്പൂർ, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളാണ് 2011ന് ശേഷം കോൺ​ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലങ്ങൾ. എന്നാൽ മണ്ഡലപുനർ നിർണ്ണയത്തിന് ശേഷം യുഡിഎഫ് വിജയിച്ച കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം മത്സരിച്ചത് മുസ്ലിം ലീ​ഗായിരുന്നു. കൊടുവള്ളി, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിൽ മണ്ഡല പുനർനിർണ്ണയത്തിന് ശേഷവും വിജയിക്കാൻ ലീ​ഗിന് സാധിച്ചിരുന്നു. യുഡിഎഫിൻ്റെ ഭാ​ഗമായി നിന്ന് 2021ൽ വടകരയിൽ ആർഎംപിയുടെ കെ കെ രമയും വിജയിച്ചിരുന്നു.

ബേപ്പൂർ

2011ന് ശേഷം സിപിഐഎം വിജയിച്ച് വരുന്ന മണ്ഡലമാണ് ബേപ്പൂർ. 1977ൽ എം പി മൊയ്തീനാണ് ഇവിടെ അവസാനമായി വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥി. 2021ൽ സിപിഐഎമ്മിൻ്റെ പി എ മുഹമ്മദ് റിയാസ് 28747 വോട്ടിനാണ് ഇവിടെ വിജയിച്ചത്.

തിരുവമ്പാടി

യുഡിഎഫിനായി മുസ്ലിം ലീ​ഗ് മത്സരിക്കുന്ന തിരുവമ്പാടി 1977ൽ രൂപീകരിക്കപ്പെട്ട വർഷങ്ങളിൽ ഒരു പരമ്പരാ​ഗത കോൺ​ഗ്രസ് മണ്ഡലമായാണ് അറിയപ്പെട്ടിരുന്നത്. 1991ൽ മണ്ഡലം മുസ്ലിം ലീ​ഗിന് കൈമാറുന്നത് വരെ കോൺ​ഗ്രസ് പാരമ്പര്യമുള്ള സ്ഥാാനാർത്ഥികളാണ് ഇവിടെ വിജയിച്ചിരുന്നത്. മണ്ഡലം കൈമാറിക്കിട്ടിയതിന് ശേഷം 2001വരെയുള്ള രണ്ട് പതിറ്റാണ്ട് തിരുവമ്പാടി മുസ്ലിം ലീ​ഗിൻ്റെ കുത്തക മണ്ഡലമായി തുടർന്നു. എന്നാൽ 2006ൽ മത്തായി ചാക്കോ സിപിഐഎമ്മിനായി തിരുവമ്പാടി പിടിച്ചതിന് ശേഷമാണ് മണ്ഡലത്തിൻ്റെ കുത്തക സ്വഭാവത്തിന് മാറ്റമുണ്ടായത്. 2008ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ 2011ൽ മുസ്ലിം ലീ​ഗ് തിരുവമ്പാടിയിൽ വിജയിച്ചപ്പോൾ 2016ലും 2021ലും വിജയം സിപിഐഎമ്മിനൊപ്പം നിന്നു. 2021ൽ സിപിഐഎമ്മിൻ്റെ ലിൻ്റോ ജോസഫ് 4643 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

വടകര

2006വരെ കോൺ​ഗ്രസ് മത്സരിച്ച് വന്ന വടകര നിയമസഭാ മണ്ഡലം 2011ൽ എഡിഎഫ് വിട്ടെത്തിയ വീരേന്ദ്ര കുമാറിൻ്റെ എസ്ജെഡിക്ക് യുഡിഎഫ് വിട്ടു നൽകിയിരുന്നു. 2016ലും യുഡിഎഫ് സഖ്യകക്ഷികളെന്ന നിലയിൽ വീരേന്ദ്ര കുമാറിൻ്റെ പാർട്ടിയായിരുന്നു വടകരയിൽ മത്സരിച്ചത്. 2021ൽ ആർഎംപിയുടെ കെ കെ രമയാണ് യുഡിഎഫ് പിന്തുണയോടെ ഇവിടെ മത്സരിച്ചത്. ഇടതുപക്ഷത്തിനായി മത്സരിച്ച സോഷ്യലിസ്റ്റ് സഖ്യകക്ഷികൾ തുടർച്ചയായി വിജയിച്ച് വന്നിരുന്ന വടകരയിൽ 2021ൽ 7491 വോട്ടിനായിരുന്നു കെ കെ രമയുടെ വിജയം.

കുറ്റ്യാടി

മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ സിപിഐഎമ്മിനും മുസ്ലിം ലീ​ഗിനും ഒപ്പം നിന്ന ചരിത്രം കുറ്റ്യാടിക്കുണ്ട്. 2011ൽ സിപിഐഎമ്മിൻ്റെ കെ കെ ലതിക ഇവിടെ വിജയിച്ചപ്പോൾ 2016ൽ മുസ്ലിം ലീ​ഗിലെ പാറക്കൽ അബ്ദുള്ളയാണ് ഇവിടെ വിജയിച്ചത്. 2021ൽ സിപിഐഎമ്മിൻ്റെ കെ പി കുഞ്ഞമ്മ​ദ് കുട്ടി 333 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ വിജയിച്ചത്.

കൊയിലാണ്ടി

കോഴിക്കോട് ജില്ലയിൽ കോൺ​ഗ്രസിൻ്റെ പരമ്പരാ​ഗത ശക്തികേന്ദ്രമായാണ് കൊയിലാണ്ടി അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടായി കൊയിലാണ്ടിയിൽ നിന്ന് ഒരു എംഎൽഎയെ പോലും നിയമസഭയിലേയ്ക്ക് അയയ്ക്കാൻ കോൺ​ഗ്രസിന് സാധിച്ചിട്ടില്ല. 2001ൽ പി ശങ്കരനാണ് ഇവിടെ നിന്ന് വിജയിച്ച അവസാനത്തെ കോൺ​ഗ്രസ് എംഎൽഎ. 2006 മുതൽ സിപിഐഎം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലം കൂടിയാണ് കൊയിലാണ്ടി. അന്തരിച്ച കാനത്തിൽ ജമീല 8472 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് 2021ൽ കൊയിലാണ്ടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

കുന്ദമം​ഗലം

യുഡിഎഫിനായി മുസ്ലിം ലീ​ഗ് മത്സരിച്ച് വരുന്ന മണ്ഡലമാണ് കുന്ദമം​ഗലം. 2016ൽ കോൺ​​ഗ്രസിലെ ടി സിദ്ദിഖ് സഖ്യധാരണകളുടെ ഭാ​ഗമായി ഇവിടെ മത്സരിക്കാനെത്തിയെങ്കിലും ഇടത് സ്വതന്ത്രൻ പിടിഎ റഹീമിന് മുന്നിൽ അടിപതറുകയായിരുന്നു. 2011മുതൽ ഇടത് സ്വതന്ത്രനായി പിടിഎ റഹീം വിജയിച്ച് വരുന്ന മണ്ഡലമാണ് കുന്ദമം​ഗലം. 2021ൽ 10276 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു പിടിഎ റഹീമിൻ്റെ വിജയം.

ബാലുശ്ശേരി

കോൺ​ഗ്രസ് പതിവായി മത്സരിച്ച് വരുന്ന മണ്ഡലമാണ് ബാലുശ്ശേരി. 2016ൽ സഖ്യധാരണയുടെ ഭാ​ഗമായി മുസ്ലിം ലീ​ഗിലെ യു സി രാമൻ ഇവിടെ മത്സരിച്ചിരുന്നു. 1977 മുതൽ ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥികൾ വിജയിച്ച് വരുന്ന മണ്ഡലമാണ് ബാലുശ്ശേരി. 1970ലാണ് അവസാനമായി ഒരു കോൺ​ഗ്രസ് സ്ഥാനാർത്ഥി ഇവിടെ വിജയിച്ചത്. 1970ൽ കോൺ​ഗ്രസിനായി വിജയിച്ച എ സി ഷൺമുഖദാസ് പിന്നീട് ഇടതുപക്ഷത്തിനൊപ്പം നിന്ന് 1980മുതൽ തുടർച്ചയായ ആറ് തെരഞ്ഞെടുപ്പുകളിലാണ് ഇവിടെ നിന്നും വിജയിച്ചത്. 2021ൽ സിപിഐഎമ്മിലെ കെ എം സച്ചിൻദേവ് കോൺ​ഗ്രസിൻ്റെ ധ‍ർമ്മജൻ ബോൾ​ഗാട്ടിയെ 20372 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ പരാജയപ്പെടുത്തിയത്.

പേരാമ്പ്ര

യുഡിഎഫ് സഖ്യകക്ഷിയെന്ന നിലയിൽ കേരള കോൺ​ഗ്രസ് മത്സരിച്ച് വന്നിരുന്ന മണ്ഡലമാണ് പേരാമ്പ്ര. 1970ൽ ഇവിടെ നിന്ന് വിജയിച്ച കെ ജി അടിയോടി മാത്രമാണ് ഇവിടെ നിന്ന് വിജയിച്ച ഏക കോൺ​ഗ്രസ് സ്ഥാനാ‍ത്ഥി. നിലവിൽ കോൺഗ്രസ് മുസ്ലിം ലീഗിന് വിട്ടുകൊടുത്ത മണ്ഡലമാണ് പേരാമ്പ്ര. 2021ൽ സിപിഐഎമ്മിൻ്റെ ടി പി രാമകൃഷ്ണൻ 22592 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ വിജയിച്ചത്.

നാദാപുരം

കോൺ​ഗ്രസ് മത്സരിച്ച് വരുന്ന നാദാപുരം അവരെ സംബന്ധിച്ച് ബാലികേറാമലയാണ്. 1960ൽ മുസ്ലിം ലീ​ഗിൻ്റെ ഹമീദലി ഷംനാട് വിജയിച്ചതൊഴിച്ചാൽ സിപിഐയും സിപിഐഎമ്മും മാത്രം വിജയിച്ച മണ്ഡലമാണ് നാദാപുരം. 1970 മുതൽ സിപിഐ വിജയിച്ച് വരുന്ന നാദാപുരത്ത് 2021ൽ 4035 വോട്ടിനായിരുന്നു ഇ കെ വിജയൻ്റെ വിജയം. കോൺ​ഗ്രസിൻ്റെ കെ പ്രവീൺകുമാറിനെയാണ് ഇ കെ വിജയൻ പരാജയപ്പെടുത്തിയത്.

കോഴിക്കോട് സൗത്ത്

പരമ്പരാ​ഗതമായി മുസ്ലിം ലീ​ഗിൻ്റെ ശക്തികേന്ദ്രമാണ് കോഴിക്കോട് സൗത്ത്. കോഴിക്കോട് രണ്ട് 2011ൽ മണ്ഡലം മാറിയെത്തിയപ്പോഴും മുസ്ലിം ലീ​​ഗ് ഇവിടെ വിജയക്കൊടി പാറിച്ചു. 2011ലും 2016ലും മുസ്ലിം ലീ​ഗിലെ എം കെ മുനീറാണ് ഇവിടെ വിജയിച്ചത്. 2021ൽ മുസ്ലിം ലീ​ഗിൻ്റെ നൂർ‍ബിന റഷീദിനെ 12459 വോട്ടിനായിരുന്നു ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവ‍ർകോവിൽ പരാജയപ്പെടുത്തിയത്.

കോഴിക്കോട് നോർത്ത്

കോഴിക്കോട് ഒന്ന് രൂപം മാറി കോഴിക്കോട് നോർത്ത് ആയതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺ​ഗ്രസിന് ഇവിടെ വിജയിക്കാൻ സാധിച്ചിട്ടില്ല. കോഴിക്കോട് നോർത്ത് രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നിലവിലെ മണ്ഡലത്തിൻ്റെ ഭാ​ഗങ്ങൾ ഉൾപ്പെട്ടിരുന്ന കോഴിക്കോട് ഒന്നിൽ 2001ൽ കോൺ​ഗ്രസിൻ്റെ എ സുജനപാൽ വിജയിച്ചിരുന്നു. 2021ൽ സിപിഐഎമ്മിൻ്റെ തോട്ടത്തിൽ രവീന്ദ്രൻ കോഴിക്കോട് നോർത്തിൽ 12459 വോട്ടിന് വിജയിച്ചിരുന്നു.

കൊടുവള്ളി

യുഡിഎഫിനായി മുസ്ലിം ലീ​ഗ് മത്സരിച്ച് വരുന്ന മണ്ഡലമാണ് കൊടുവള്ളി. പരമ്പരാ​ഗതമായി മുസ്ലിം ലീ​ഗിൻ്റെ ശക്തികേന്ദ്രമാണ് കൊടുവള്ളി. 1957ൽ മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിൻ്റെ ​ഗോപാലൻകുട്ടി നായർ ഇവിടെ വിജയിച്ചിരുന്നു.1977 മുതൽ 2001വരെ മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥികൾ മാത്രമാണ് കൊടുവള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 2006ൽ ലീ​ഗ് വിട്ടെത്തിയ പിടിഎ റഹീം ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കെ കരുണാകരൻ്റെ പാർട്ടിയും യുഡിഎഫുമായുള്ള സഖ്യധാരണപ്രകാരം 2006ൽ ഡിഐസി സ്ഥാനാർത്ഥിയായി കെ മുരളീധരനാണ് കൊടുവള്ളിയിൽ നിന്നും മത്സരിച്ചത്. 2016ൽ ഇടത് സ്വതന്ത്രൻ കാരാട്ട് റസാഖും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ൽ മുസ്ലിം ലീ​ഗിൻ്റെ എം കെ മുനീർ ഇടതുപക്ഷത്തിനായി മത്സരിച്ച കാരാട്ട് റസാഖിനെ 6344 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു പരാജയപ്പെടുത്തിയത്.

എലത്തൂർ

2011ൽ മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതൽ കോൺ​ഗ്രസ് മത്സരിക്കാത്ത മണ്ഡലമാണ് എലത്തൂർ. 2011ലും 2016ലും എം പി വീരേന്ദ്ര കുമാറിൻ്റെ പാർട്ടിയാണ് ഇവിടെ മത്സരിച്ചത്. 2021ൽ മാണി സി കാപ്പനൊപ്പം നിൽക്കുന്ന സുൾഫിക്കർ മയൂരിയാണ് എലത്തൂരിൽ യുഡിഎഫിനായി മത്സരിച്ചത്. 2011 മുതൽ എൻസിപിയിലെ എ കെ ശശീന്ദ്രനാണ് എലത്തൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2021ൽ 38502 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു എ കെ ശശീന്ദ്രൻ്റെ വിജയം.

ഇത്തവണ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലെ മത്സരചിത്രം ഇങ്ങനെ

കുറ്റ്യാടി

  • LDF-കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റർ-സിപിഐഎം
  • UDF-പാറയ്ക്കൽ അബ്ധുള്ള-മുസ്ലിം ലീഗ്
  • NDA-രാമദാസ് മണലേരി-ബിജെപി

നാദാപുരം

  • LDF-അഡ്വ. പി വസന്തം-സിപിഐ
  • UDF-കെ എം അഭിജിത്ത്- കോൺഗ്രസ്
  • NDA-സി പി വിപിൻ ചന്ദ്രൻ-ബിജെപി

കൊയിലാണ്ടി

  • LDF-കെ ദാസൻ-സിപിഐഎം
  • UDF-അഡ്വ. കെ പ്രവീൺ കുമാർ-കോൺഗ്രസ്
  • NDA-സി ആർ പ്രഫുൽ കൃഷ്ണൻ-ബിജെപി

പേരാമ്പ്ര

  • LDF-ടി പി രാമകൃഷ്‌ണൻ-സിപിഐഎം
  • UDF-ഫാത്തിമ തെഹലിയ-മുസ്ലിം ലീഗ്
  • NDA-മോഹനൻ മാസ്റ്റർ-ബിജെപി

എലത്തൂർ

  • LDF-എ കെ ശശീന്ദ്രൻ- എൻസിപി
  • UDF-വിദ്യ ബാലകൃഷ്ണൻ-കോൺഗ്രസ്
  • NDA-പി ദേവദാസ്-ബിജെപി

കോഴിക്കോട് നോർത്ത്

  • LDF-തോട്ടത്തിൽ രവീന്ദ്രൻ-സിപിഐഎം
  • UDF-അഡ്വ. കെ ജയന്ത്-കോൺഗ്രസ്
  • NDA-നവ്യ ഹരിദാസ്-ബിജെപി

കോഴിക്കോട് സൗത്ത്

  • LDF-അഹമ്മദ് ദേവർകോവിൽ-ഐഎൻഎൽ
  • UDF-അഡ്വ. ഫൈസൽ ബാബു-മുസ്ലിം ലീഗ്
  • NDA- ടി രനീഷ്-ബിജെപി

കുന്ദമംഗലം

  • LDF-പിടിഎ റഹീം- ഇടത് സ്വതന്ത്രൻ
  • UDF-റസാക്ക് മാസ്റ്റർ-മുസ്ലിം ലീഗ്
  • NDA-വി കെ സജീവൻ- ബിജെപി

തിരുവമ്പാടി

  • LDF-ലിന്റോ ജോസഫ്‌- സിപിഐഎം
  • UDF-കാസിം കൂടരഞ്ഞി- മുസ്ലിം ലീഗ്
  • NDA-സണ്ണി തോമസ്- ട്വൻ്റി 20

ബേhttps://election.reporterlive.com/kerala-assembly/beyporeപ്പൂർ

  • LDF-പി എ മുഹമ്മദ് റിയാസ്-സിപിഐഎം
  • UDF-പി വി അൻവർ- തൃണമൂൽ കോൺഗ്രസ്
  • NDA-കെപി പ്രകാശ് ബാബു-ബിജെപി

ബാലുശ്ശേരി

  • LDF അഡ്വ. കെ എം സച്ചിൻദേവ്-സിപിഐഎം
  • UDF വി ടി സൂരജ്-കോൺഗ്രസ്
  • NDA സി പി സതീശൻ - ബിജെപി

കൊടുവള്ളി

  • LDF-സലീം മടവൂർ- ഇടതുമുന്നണി സ്വതന്ത്രൻ
  • UDF-പി കെ ഫിറോസ്-മുസ്ലിം ലീഗ്
  • NDA-ഗിരി പമ്പനാൽ-ബിഡിജെഎസ്

വടകര

  • LDF-എം കെ ഭാസ്ക്കരൻ- ആർജെഡി
  • UDF-കെ രമ- ആർഎംപി
  • NDA- അഡ്വ. കെ ദിലീപ്-ബിജെപി

ഇടുക്കി ജില്ല

മണ്ഡല പുനർനിർ‍ണ്ണയത്തിന് ശേഷം 2011 മുതൽ കോൺ​ഗ്രസിന് ഇടുക്കിയിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. കേരള കോൺ​ഗ്രസുകൾ മത്സരിക്കുന്ന ഇടുക്കി, തൊടുപുഴ മണ്ഡലങ്ങൾ ഒഴിച്ച് ബാക്കി മൂന്ന് മണ്ഡലങ്ങളിലാണ് കോൺ​ഗ്രസ് പതിവായി മത്സരിക്കാറുള്ളത്. കാൽ നൂറ്റാണ്ട് മുമ്പാണ് ഇടുക്കി ജില്ലയിൽ നിന്നും ഒരു കോൺ​ഗ്രസ് പ്രതിനിധി നിയമസഭയിൽ എത്തിയത്. 2001ൽ തൊടുപുഴയിൽ നിന്ന് പി ടി തോമസും ദേവികുളത്ത് നിന്നും എ കെ മണിയുമാണ് കാൽനൂറ്റാണ്ട് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട കോൺ​ഗ്രസ് എംഎൽഎമാർ. 1996ൽ ഉടുമ്പൻചോലയിൽ നിന്ന് കോൺ​ഗ്രസിൻ്റെ ഇ എം അ​ഗസ്തിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉടുമ്പൻചോല

കേരള കോൺ​ഗ്രസ് മത്സരിച്ച് വന്നിരുന്ന ഉടുമ്പൻചോലയിൽ 1991 മുതലാണ് കോൺ​​ഗ്രസ് മത്സരത്തിന് ഇറങ്ങുന്നത്. 1991ലും 1996ലും കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഇ എം അ​ഗസ്തി ഇവിടെ വിജയിച്ചിരുന്നു. 2001 മുതൽ സിപിഐഎമ്മാണ് ഉടുമ്പൻചോലയിൽ വിജയിക്കുന്നത്. 2021ൽ സിപിഐഎമ്മിൻ്റെ എം എം മണി കോൺ​ഗ്രസിൻ്റെ ഇ എം അ​ഗസ്തിയെ 38305 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ദേവികുളം

പാ‍ർട്ടിക്ക് സ്വാധീനമുള്ള ദേവികുളത്ത് കാൽനൂറ്റാണ്ട് മുമ്പായിരുന്നു അവസാനമായി കോൺ​​ഗ്രസ് സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെട്ടത്. 1991 മുതൽ 2001 വരെ തുടർച്ചയായി മൂന്ന് തവണ കോൺ​ഗ്രസിൻ്റെ എ കെ മണി ഇവിടെ വിജയിച്ചിരുന്നു. എന്നാൽ 2006 മുതൽ സിപിഐഎം തുടർച്ചയായി വിജയം നേടുന്ന മണ്ഡലം കൂടിയാണ് ദേവികുളം. 2021ൽ സിപിഐഎമ്മിൻ്റെ എ രാജ 7848 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

ഇടുക്കി

മുന്നണി അടിസ്ഥാനത്തിൽ യുഡിഎഫ് രൂപം കൊണ്ടതിന് ശേഷം 1987വരെ കോൺ​ഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ് ഇടുക്കി. എന്നാൽ 1991 മുതൽ ഇടുക്കി കോൺ​ഗ്രസ് കേരള കോൺ​ഗ്രസ് എമ്മിന് വിട്ടു നിൽകി. 2001 മുതൽ കേരള കോൺ​ഗ്രസ് എം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലമാണ് ഇടുക്കി. 2021 മുന്നണി മാറി എൽഡിഎഫിൽ എത്തിയപ്പോഴും ഇടുക്കി കേരള കോൺ​ഗ്രസ് എമ്മിന് ലഭിച്ചിരുന്നു. 2021ൽ കേരള കോൺ​ഗ്രസിലെ ഫ്രാൻസിസ് ജോർജ്ജിനെ കേരള കോൺ​ഗ്രസ് എമ്മിലെ റോഷി അ​ഗസ്റ്റിൻ 5573 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ ഇടുക്കി കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്.

പീരുമേട്

സ്വാധീന മണ്ഡലമായ പീരുമേട്ടിൽ 2001ലായിരുന്നു അവസാനമായി കോൺ​ഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. 2006 മുതൽ സിപിഐ തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലം കൂടിയാണ് പീരുമേട്. അന്തരിച്ച സിപിഐ നേതാവ് വാഴൂർ സോമൻ 2021 കോൺ​ഗ്രസിൻ്റെ സിറിയക് തോമസിനെ ഇവിടെ 1835 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

തൊടുപുഴ

യുഡിഎഫിനൊപ്പമായിരുന്നപ്പോൾ പിജെ ജോസഫിന് കോൺ​ഗ്രസ് പലവട്ടം വിട്ടുനൽകിയ മണ്ഡലമാണ് തൊടുപുഴ. 2001ലും 1991ലും കോൺ​ഗ്രസിൻ്റെ പി ടി തോമസ് ഇവിടെ വിജയിച്ചിട്ടുമുണ്ട്. 2021ൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ കെ ഐ ആൻ്റണിയെ 20259 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു പി ജെ ജോസഫ് പരാജയപ്പെടുത്തിയത്.

ഇത്തവണ ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ മത്സരചിത്രം ഇങ്ങനെ

ദേവികുളം

  • LDF-അഡ്വ. എ രാജ-സിപിഐഎം
  • UDF-റോയ് കെ. പൗലോസ്-കോൺഗ്രസ്
  • NDA-എസ് രാജേന്ദ്രൻ-ബിജെപി

ഉടുമ്പൻചോല

  • LDF-കെ.കെ ജയചന്ദ്രൻ-സിപിഐഎം
  • UDF-അഡ്വ. സേനാപതി വേണു-കോൺഗ്രസ്
  • NDA-സംഗീത വിശ്വനാഥൻ-ബിഡിജെഎസ്

ഇടുക്കി

  • LDF-റോഷി അഗസ്റ്റിൻ-കേരള കോൺഗ്രസ് എം
  • UDF-റോയ് കെ. പൗലോസ്- കോൺഗ്രസ്
  • NDA-പ്രതീഷ് പ്രഭ-ബിഡിജെഎസ്

പീരുമേട്

  • LDF- കെ സലിം കുമാർ-സിപിഐ
  • UDF-അഡ്വ. സിറിയക് തോമസ്-കോൺഗ്രസ്
  • NDA-വി രതീഷ്- ബിജെപി

തൊടുപുഴ

  • LDF-സിറിയക് ചാഴിക്കാടൻ- കേരള കോൺഗ്രസ് എം
  • UDF-അപു ജോൺ ജോസഫ്- കേരള കോൺഗ്രസ്
  • NDA-റോയി വാരിക്കാട്ട്- ട്വൻ്റി 20

Content Highlights: Ahead of Kerala Assembly Election 2026, discover the 3 districts that have been a nightmare for Congress—no seats won in 2011, 2016, or 2021 elections. Key challenges for UDF in these LDF strongholds.

dot image
To advertise here,contact us
dot image