

കോഴിക്കോട്: കുന്ദമംഗലം യുഡിഎഫ് സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെത്തി മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. കാരാട്ട് റസാഖിനെ റസാഖ് മാസ്റ്റർ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പത്ത് വര്‍ഷവും 19 ദിവസവുമായി മുസ്‌ലിം ലീഗ് വിട്ടിട്ടെന്നും നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലെത്തിയ പോലെയുണ്ടെന്നും കാരാട്ട് റസാഖ് പറഞ്ഞു.
'കുന്ദമംഗലം സ്വര്‍ഗമാക്കി മാറ്റണം. എം എ റസാഖ് മാസ്റ്ററെ വിജയിപ്പിക്കണം. എതിര്‍ സ്ഥാനാര്‍ഥി എന്റെ നാട്ടുകാരനും അയല്‍ക്കാരനുമാണ്. ഒറ്റുകാരനാണ് പി ടി എ റഹീം. 2021ല്‍ എന്നെയും ഒറ്റുകാരന്‍ തോല്‍പ്പിച്ചു. കൊടുവളളിയിലെ റോഡ് വികസനത്തിന് 55 ലക്ഷം കിഫ്ബിയില്‍ നിന്ന് ഞാന്‍ അനുവദിച്ചു. എന്നാല്‍ കുടുംബക്കാരുടെ സ്ഥലം പോകാതിരിക്കാന്‍ മുഹമ്മദ് റിയാസുമായി ചേര്‍ന്ന് റഹീം അത് തടഞ്ഞു', കാരാട്ട് റസാഖ് പറഞ്ഞു.
2016ല്‍ എം എ റസാഖ് മാസ്റ്റർക്കെതിരെ മത്സരിച്ചതില്‍ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ലെ തെരഞ്ഞെടുപ്പില്‍ കൊടുവളളിയില്‍ എം എ റസാഖ് മാസ്റ്ററെ പരാജയപ്പെടുത്തിയാണ് ഇടത് സ്വതന്ത്രനായി കാരാട്ട് റസാഖ് വിജയിച്ചത്. ഇന്നാണ് കാരാട്ട് റസാഖ് മുസ്‌ലിം ലീഗില്‍ വീണ്ടും അംഗത്വമെടുത്തത്.
പാണക്കാടെത്തിയാണ് റസാഖ് അംഗത്വമെടുത്തത്. 2016-21ല്‍ കൊടുവളളി എംഎല്‍എയായിരുന്നു. 2021-ല്‍ എം കെ മുനീറിനോട് പരാജയപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു.
Content Highlights: Karatt Rasaq attempting Kundamangalam UDF convention