

തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കേസെടുത്തത് കെഎപി പത്തനംതിട്ട ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ശംഭു ആർ കൃഷ്ണനെതിരെ. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരിൽ നിന്ന് യൂണിഫോമിനെന്ന പേരിൽ വാങ്ങിയ എഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ശംഭു ആർ കൃഷ്ണനെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത്.
എസ്എപി ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു ശംഭു ആർ കൃഷ്ണൻ. ഈ പേരിലാണ് ഇയാൾ ക്യാമ്പിലെ ട്രെയിനി ഉദ്യോഗസ്ഥരിൽ നിന്ന് പണം വാങ്ങിയത്. എന്നാൽ ഇങ്ങനെ വാങ്ങിയെടുത്ത ഏഴ് ലക്ഷത്തോളം രൂപ ബന്ധപ്പെട്ട സൊസൈറ്റികളിൽ അടക്കാതെ ആ പണം തട്ടിയെടുത്തെന്നാണ് പരാതി. ട്രെയിനിങ്ങിനായാണ് കെഎപി പത്തനംതിട്ട ബറ്റാലിയനിലെ പൊലീസുകാരനായ ശംഭു ആർ കൃഷ്ണൻ എസ്എപി ക്യാമ്പിലെത്തിയത്. പണം നഷ്ടമായവർ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പിൻ്റെ വിവരം പുറത്ത് അറിയുന്നത്.
പരാതിയെ തുടർന്ന പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത പണം ശംഭു ആർ കൃഷ്ണൻ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെറ്റിങ് ഗെയിം കളിച്ചാണ് പണം നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Content Highlights: A case has been registered against a police officer for allegedly defrauding a person of Rs 7 lakh in the name of arranging a police uniform. The officer reportedly lost the money after spending it on online gaming.