

തിരുവനന്തപുരം: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. പ്രധാന മന്ത്രിയെ അഭിസംബോധന ചെയ്താണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കൊണ്ടുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രതികരണം.
മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനെതിരെയാണ് വസീഫ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഏഷ്യാനെറ്റിന്റെ മുതലാളി ബിജെപിയെ വാങ്ങിയത് ശരിയാണെങ്കിലും അദേഹത്തിൻ്റെ പണത്തിന് മലയാളി മനസിനെ വാങ്ങാൻ കഴിഞ്ഞില്ലെന്നാണ് വസീഫ് ഫേസ്ബുക്കിൽ കുറിച്ചത്. ഇത് ജനാധിപത്യ മതനിരപേക്ഷ കേരളമാണെന്നും വസീഫ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിങ് പുരി, പ്രഹ്ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാന്‍, അജയ് തംത, ഹര്‍ഷ് മല്‍ഹോത്ര, കമലേഷ് പസ്വാന്‍, ഡോ. ചന്ദ്രശേഖര്‍ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്നീത് സിംഗ്, ജോര്‍ജ് കുര്യന്‍ എന്നിവരും സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഉമ തോമസ് എംഎല്‍എ എന്നിവര്‍ക്കും കൊച്ചിയില്‍ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്. മുന്‍ കേന്ദ്രസഹമന്ത്രി എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിര്‍മാണത്തിന്റെ നോഡല്‍ ഏജന്‍സി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്ന് വിമര്‍ശനമുയര്‍ന്നു.
Content Highlights: DYFI State President V Wasif responds to the controversy surrounding not inviting Public Works Minister Muhammad Riyaz to the inauguration ceremony of the National Highway