

കൊച്ചി: കളമശ്ശേരി എച്ച്എംടി കമ്പനിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയ്ക്ക് കേരളത്തിന്റെ മണ്ണില്‍ അന്ത്യവിശ്രമം. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സൂരജ് ലാമയുടെ മകന്‍ സാന്റന്‍ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. ഭാര്യയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മൃതദേം നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഭാര്യ റിനി ലാമ വൈകാരികമായാണ് പെരുമാറിയത്. സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നും റിനി ലാമ പറഞ്ഞു. ആശുപത്രിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു റിനി ലാമ ഉന്നയിച്ചത്. ആശുപത്രി അധികൃതര്‍ റിനി കൃത്യമായി പരിചരിച്ചില്ലെന്ന് റിനി ലാമ പറഞ്ഞു. അവര്‍ ആവശ്യമായ സഹായം നല്‍കിയിരുന്നെങ്കില്‍ സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നു. ആശുപത്രിക്കെതിരെ പരാതി നല്‍കും. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. നീതി ഉറപ്പാക്കണം. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടു.
ഫെബ്രുവരി ആറിനായിരുന്നു കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഡിഎന്‍എ പരിശോധനാ ഫലത്തിലൂടെയായിരുന്നു സ്ഥിരീകരണം. ഇക്കാര്യം അറിയിച്ചപ്പോള്‍ പൊലീസിനെ രൂക്ഷ ഭാഷയിലായിരുന്നു ഹൈക്കോടതി വിമര്‍ശിച്ചത്. നാണക്കേട് തോന്നുന്നുവെന്നും ഈ സിസ്റ്റത്തിന് വേണ്ടി സൂരജ് ലാമയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും അടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്എംടി കമ്പനിക്ക് മുന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. സൂരജ് ലാമയുടെ തിരോധാനത്തില്‍ സിഐഎസ്എഫിനെയും കേരള പൊലീസിനെയും അടക്കം വിമര്‍ശിച്ച് ഹൈക്കോടതി പലതവണ രംഗത്തെത്തിയിരുന്നു. സൂരജ് ലാമയെ കൊല്ലാന്‍ വിട്ടുവെന്നും ഒരു പ്രമുഖനെയാണ് കാണാതായതെങ്കില്‍ ഇത്തരത്തിലാകുമോ നടപടികളെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ഓര്‍മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ ഒക്ടോബര്‍ ആറിന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. ഒക്ടോബര്‍ 10ന് രാത്രിയോടെ എന്‍ഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓര്‍മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലാമയെ കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സാന്റന്‍ ലാമ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അച്ഛനെ കണ്ടെത്താന്‍ കഴിയാത്തതിന് പിന്നാലെ സാന്റന്‍ ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താന്‍ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചിയില്‍ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശ്ശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കാണാതായെന്നായിരുന്നു വിവരം. ഓഗസ്റ്റില്‍ കുവൈത്തിലുണ്ടായ മദ്യ ദുരന്തത്തിലാണ് ലാമയ്ക്ക് ഓര്‍മ നഷ്ടപ്പെട്ടതെന്ന് മകന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Content Highlights- Suraj Lama was laid to rest in Kerala, with his family demanding justice and a proper investigation into the circumstances of his death