

ന്യൂഡല്‍ഹി: മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. രാജ്യം സുരക്ഷിതമായിരിക്കുന്നത് അതിര്‍ത്തിയിലെ സൈനികരുടെ കരുത്തിലാണ്. എന്നാൽ കരസേന മേധാവി ജനറല്‍ എം എം നരവനെയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ഓരോ ഭാരതീയനെയും ആശങ്കയിലാഴ്ത്തുന്നതാണെന്ന് സന്ദീപ് വര്യര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
രാജ്യത്തെ സേവിക്കാന്‍ സന്നദ്ധരായി വരുന്ന യുവാക്കളുടെ ആവേശം കെടുത്തുന്ന 'അഗ്നിപഥ്' പോലുള്ള പദ്ധതികള്‍ സൈനിക നേതൃത്വത്തെ പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് നടപ്പിലാക്കി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. സൈന്യത്തിന്റെ അന്തസും പ്രൊഫഷണലിസവും തകര്‍ക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി എടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ലോക്‌സഭയില്‍ ഇന്ത്യ- ചൈന പ്രശ്‌നം ഉയര്‍ത്തുന്നതിനിടെ രാഹുല്‍ ഗാന്ധി നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശം ഉന്നയിച്ചിരുന്നു. ദോക്‌ലാമിലെ ചൈനീസ് കയ്യേറ്റത്തെക്കുറിച്ച് ഗൗരവമായ വിഷയമാണ് നരവനെ ഉയര്‍ത്തുന്നതെന്ന് രാഹുല്‍ ഗാന്ധി സഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം പ്രസിദ്ധകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കരുതെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. സഭാ ചട്ടങ്ങള്‍ രാഹുല്‍ ഗാന്ധി മറികടക്കരുതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് നരവനെ പറഞ്ഞതായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കം കൃത്യമാണെന്നും പ്രകാശനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.
സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം;
നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കുന്നത് അതിര്‍ത്തിയില്‍ ഉറക്കമൊഴിച്ച് കാവല്‍ നില്‍ക്കുന്ന ധീരരായ സൈനികരുടെ കരുത്തിലാണ്. എന്നാല്‍, മുന്‍ കരസേന മേധാവി ജനറല്‍ എം.എം. നരവനെയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ഓരോ ഭാരതീയനെയും ആശങ്കയിലാഴ്ത്തുന്നതാണ്.
രാജ്യത്തെ സേവിക്കാന്‍ സന്നദ്ധരായി വരുന്ന യുവാക്കളുടെ ആവേശം കെടുത്തുന്ന 'അഗ്നിപഥ്' പോലുള്ള പദ്ധതികള്‍ സൈനിക നേതൃത്വത്തെപ്പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് നടപ്പിലാക്കി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. സൈന്യത്തിന്റെ അന്തസ്സും പ്രൊഫഷണലിസവും തകര്‍ക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി എടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയില്ല.
സൈനിക മേധാവികളുടെ അഭിപ്രായങ്ങളെ മറികടന്നാണോ സുപ്രധാനമായ പ്രതിരോധ തീരുമാനങ്ങള്‍ എടുക്കുന്നത്?. അതിര്‍ത്തിയില്‍ ചൈനീസ് വെല്ലുവിളി നേരിടുമ്പോള്‍, സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ എന്തിന് സ്വീകരിക്കുന്നു?. സത്യം വിളിച്ചുപറയുന്ന ഒരു സൈനികന്റെ പുസ്തകം ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനെയാണ്?
ദേശസ്‌നേഹം എന്നത് വെറും മുദ്രാവാക്യങ്ങളല്ല..അത് നമ്മുടെ സൈന്യത്തോടും അവരുടെ ഭരണഘടനാപരമായ സ്വയംഭരണത്തോടും കാണിക്കുന്ന ബഹുമാനം കൂടിയാണ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സത്യം പുറത്തുവന്നേ തീരൂ. നമ്മുടെ ജവാന്മാര്‍ക്കൊപ്പം, സത്യത്തിനൊപ്പം
Content Highlight; 'Naravane's new revelations are worrying every Indian'; Sandeep varier responds