കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; നീക്കം റിമാന്‍ഡ് ചെയ്തതിന് പിന്നാലെ

നിലവില്‍ ഹൃദ്രോഗ വിഭാഗത്തിലേക്കാണ് മാറ്റിയത്

കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; നീക്കം റിമാന്‍ഡ് ചെയ്തതിന് പിന്നാലെ
dot image

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ആശുപത്രി മാറ്റിയത്.

നിലവില്‍ ഹൃദ്രോഗ വിഭാഗത്തിലേക്കാണ് മാറ്റിയത്. കൂടുതല്‍ പരിശോധനകള്‍ നടത്തും. തടവുകാരുടെ സെല്ലിലേക്കോ വാര്‍ഡിലേക്കോ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ ഹൃദ്രോഗ വിഭാഗത്തില്‍ തന്നെ തുടരും.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസ്. 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ പതിനാലിനാണ് ആശുപത്രിയിലെത്തി എസ്‌ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കെ പി ശങ്കരദാസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ പി ശങ്കരദാസ് എന്നകാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓർമപ്പെടുത്തുകയും ചെയ്തിരുന്നു.

ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കേസിൽ തനിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കരദാസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളിയിരുന്നു. കേസിൽ എന്തുകൊണ്ടാണ് ശങ്കരദാസിനെ പ്രതി ചേര്‍ക്കാത്തതെന്നായിരുന്നു ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ചോദിച്ചിരുന്നത്. ഈ പരാമർശത്തിനെതിരെയാണ് ശങ്കരദാസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു.

Content Highlights: sabarimala gold theft case former devaswom board member kp shankaradas under remand shifted medical college

dot image
To advertise here,contact us
dot image