പോറ്റിയെ കേറ്റിയത് മന്ത്രിയല്ല, തന്ത്രി; ശബരിമലയിൽ നടന്നത് എന്താണെന്ന് കോടതി കണ്ടെത്തും: കെ ബി ഗണേഷ് കുമാർ

പോറ്റിയെ കേറ്റിയെ എന്ന പാട്ട് ഇനി സോണിയ ​ഗാന്ധി മാത്രമേ പാടാൻ ഉള്ളുവെന്നും മന്ത്രി പരിഹസിച്ചു

പോറ്റിയെ കേറ്റിയത് മന്ത്രിയല്ല, തന്ത്രി; ശബരിമലയിൽ നടന്നത് എന്താണെന്ന് കോടതി കണ്ടെത്തും: കെ ബി ഗണേഷ് കുമാർ
dot image

തിരുവനന്തപുരം : ശബരിമലയില്‍ പോറ്റിയെ കേറ്റിയത് മന്ത്രിയല്ല തന്ത്രിയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ​ഗണേഷ് കുമാർ ചോദിച്ചു. തിരുവനന്തപുരത്ത് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

'ഞങ്ങൾ ഉദ്ദേശിക്കുന്ന ആൾ കേസിൽ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പല ഒഴുക്കുകളും സംഭവിക്കും. അത് പണ്ടും സംഭവിച്ചിരുന്നു. പ്രചാരണങ്ങളിൽ പങ്കെടുക്കുമ്പോൾ യുഡിഎഫിനും ബിജെപിക്കും ഒറ്റ അനൗണ്സ്മെൻ്റാണ് ഉള്ളത്. അത് ശബരിമലയാണ്. പോറ്റിയെ കേറ്റിയെ എന്ന പാട്ട് ഇനി സോണിയ ​ഗാന്ധി മാത്രമേ പാടാൻ ഉള്ളൂ', ഗണേഷ് കുമാർ പറഞ്ഞു.

ശബരിമലയിൽ നടന്നത് എന്താണെന്ന് കോടതി കണ്ടെത്തുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. യുഡിഎഫ് മതവികാരം ഇളക്കി വിടുന്നുവെന്നും ബിജെപിയെക്കാൾ അപകടകരമായ രീതിയിലാണ് കോൺഗ്രസിൻ്റെ പോക്കെന്നും മന്ത്രി വ്യക്തമാക്കി. ബിജെപിക്ക് കോൺഗ്രസിനും ഒരേ സ്വരമാണെന്നും ശബരിമല, ശബരിമല എന്ന് മാത്രമാണ് ഇവർ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.കോൺഗ്രസിന് അന്തസ്സുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെട്ടു. എല്ലാവർക്കും രാഹുലിന് ജാമ്യം ലഭിക്കുമെന്ന് ആകാംഷയാണെന്നും അദ്ദേഹം പറഞ്ഞു. ‍തങ്ങൾ പുറത്താക്കിയെന്നും അത് കൊണ്ട് ആയാൾ ഏത് കൈയാല ചാടിയാലും കുഴപ്പമില്ലെന്നുമാണ് കോൺ​ഗ്രസ് പറയുന്നത്. തങ്ങളുടെ കെയറോഫിൽ കിട്ടിയ എംഎൽഎ സ്ഥാനം രാജിവെക്കാൻ പറയാൻ ഒരു കോൺ​ഗ്രസ് നേതാക്കൾക്കും ധൈര്യമില്ലെന്നും അവർക്ക് എന്തോ ഒരു പേടിയുണ്ടെന്നും മന്ത്രി പറഞ്ഞു. അയാളോട് പുറത്ത് പോവാൻ പറയാൻ കോൺഗ്രസ് ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : Minister K B Ganeshkumar responded to the Sabarimala gold theft. Ganesh Kumar said that the court will find out what happened in Sabarimala.

dot image
To advertise here,contact us
dot image