

കൊല്ലം: ഇടത് കോട്ടയായ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ഭരണത്തിൽ യുഡിഎഫിന് മേൽക്കൈ. ഒടുവിൽ ചിത്രം വ്യക്തമാകുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് 34 പ്രസിഡന്റുമാരാണ് ഉള്ളത്. 33 പ്രസിഡന്റുമാരുമായി എൽഡിഎഫ് തൊട്ടുപിന്നിൽ തന്നെയുണ്ട്. എൻഡിഎയ്ക്ക് ജില്ലയിൽ ആകെ ഒരു പ്രസിഡന്റ് സ്ഥാനം മാത്രമാണുള്ളത്.
നെടുവത്തൂരിലാണ് എൻഡിഎ ഭരണം പിടിച്ചത്. 12 അംഗങ്ങളുള്ള ചിറക്കര പഞ്ചായത്തിലും എൻഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. എൻഡിഎ 6, യുഡിഎഫ് 5, സ്വതന്ത്രൻ 1 എന്നായിരുന്നു കക്ഷിനില. എന്നാൽ അഞ്ച് അംഗങ്ങളുള്ള യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച യു എസ് ഉല്ലാസ് കൃഷ്ണനെ പിന്തുണച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉല്ലാസ് കൃഷ്ണനും എൻഡിഎ സ്ഥാനാർത്ഥി എം ആർ രതീഷിനും ഒരേ വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ ഉല്ലാസ് കൃഷ്ണനെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എൻഡിഎയ്ക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് 9, എൽഡിഎഫ് 9, എൻഡിഎ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടെടുപ്പിൽ ഇരുമുന്നണികൾക്കും തുല്യവോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനാണ് ലഭിച്ചത്. ബ്രിജേഷ് എബ്രഹാം പ്രസിഡന്റായും ജലജ ശ്രീകുമാർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
മുഖത്തല പഞ്ചായത്തിലും സമാന അവസ്ഥയാണുണ്ടായത്. എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. നറുക്കെടുപ്പിൽ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു.
തൃക്കോവിൽവട്ടം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. കോൺഗ്രസിലെ എ പി അജിത്കുമാർ പ്രസിഡന്റായും ആർഎസ്പിയിലെ നജ്മ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐയ്ക്കും പിഡിപിയ്ക്കും ഓരോ അംഗങ്ങൾ വീതം ഉണ്ടായിരുന്നെങ്കിലും അവർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപിക്ക് ഇവിടെ നാല് അംഗങ്ങളാണുള്ളത്.
മയ്യനാട് പഞ്ചായത്ത് ഭരണം യുഡിഎഫിനാണ് ലഭിച്ചത്. ഉമയനല്ലൂർ മുഹമ്മദ് റാഫിയാണ് പ്രഡിഡന്റ്. ആർഎസ്പി, ലീഗ് പ്രതിനിധികൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 15 വോട്ടുകളാണ് റാഫിക്ക് ലഭിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് 9 വോട്ടുകൾ ലഭിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് ഭരണം 48 വർഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ബീന നാസിമുദിൻ ലബ്ബയാണ് പ്രസിഡന്റ്. കോൺഗ്രസിലെത്തനെ ആർ ശൈലജയാണ് വൈസ് പ്രസിഡന്റ്.
തേവലക്കരയിലും യുഡിഎഫാണ് ഭരണം നേടിയത്. എസ് അനിൽ ആണ് പ്രസിഡന്റ്.
ആർഎസ്പിയുടെ ഷേർളി ജേക്കബ് ആണ് വൈസ് പ്രസിഡന്റ്. എൽഡിഎഫിലെ ആർ രാജീവിനെ 6 വോട്ടുകൾക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനിൽ പരാജയപ്പെടുത്തിയത്. കുളത്തുപ്പുഴയിലും യുഡിഎഫിനായിരുന്നു മേൽക്കൈ. യുഡിഎഫ് 12, എൽഡിഎഫ് 7, സ്വതന്ത്രൻ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രരും യുഡിഎഫ് സ്ഥാനാർഥിയായ എം സൈനാബീവിയെ പിന്തുണച്ചു. ഇതോടെ പഞ്ചായത് യുഡിഎഫിന്റെ കൈയിലൊതുങ്ങി.
തെന്മല ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫിനാണ് ലഭിച്ചത്.സിപിഐയിലെ ശോഭ സതീശൻ പ്രസിഡന്റായി. സിപിഐഎമ്മിന്റെ അഡ്വ എബി ഷൈനാണ് വൈസ് പ്രസിഡന്റ്. 17 വാർഡുകളുള്ള തെന്മലയിൽ 13 വാർഡുകളിലും എൽഡിഎഫാണ് ജയിച്ചത്.
എന്നാൽ മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിനെയാണ് ഭാഗ്യം തുണച്ചത്.യുഡിഎഫ് എട്ട്, എൽഡിഎഫ് എട്ട്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബിജെപിയുടെ അംഗം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല.യുഡിഎഫിനും എൽഡിഎഫിനും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടന്നു. ഇതിലൂടെയാണ് യുഡിഎഫിന്റെ സാം വർഗീസ് പ്രസിഡന്റായത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ലീഗിലെ ഗായത്രി ദേവിയും സിപിഐയിലെ മഹേശ്വരിയുമാണ് മത്സരിച്ചത്. നറുക്കെടുപ്പിൽ ഗായത്രി ഡിഇയെയാണ് ഭാഗ്യം തുണച്ചത്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായിരുന്നു മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. 1995ൽ രൂപീകരിക്കപ്പെട്ടതിന് ശേഷം ഇടതുമുന്നണിയായിരുന്നു ഇവിടെ ഭരണത്തിൽ ഉണ്ടായിരുന്നത്.
Content Highlights: udf have a small majority in kollam gramapanchayaths