നാല് പഞ്ചായത്തുകള്‍; 83 വാര്‍ഡുകള്‍, 43 വാര്‍ഡിലും അപരര്‍, ആകെ 59 അപരര്‍; ഇത് മത്സരം വേറെ ലെവല്‍

സ്ഥാനാർഥികളുടെ പേരിലോ ഇനിഷ്യലിലോ സാമ്യമുള്ള അപരര്‍ പിടിക്കുന്ന ഓരോ വോട്ടും ഇവിടങ്ങളില്‍ വളരെയേറെ നിര്‍ണായകമാണ്

നാല് പഞ്ചായത്തുകള്‍; 83 വാര്‍ഡുകള്‍, 43 വാര്‍ഡിലും അപരര്‍, ആകെ 59 അപരര്‍; ഇത് മത്സരം വേറെ ലെവല്‍
dot image

വടകര: ജനഹിതം അട്ടിമറിക്കുന്നതിനായുള്ള പ്രധാന ആയുധമാണ് അപരര്‍. ഓരോ തെരഞ്ഞെടുപ്പിലും അപരരുടെ സാന്നിധ്യം ചര്‍ച്ചയാകാറുമുണ്ട്. യുഡിഎഫ്-ആര്‍എംപിഐ ജനകീയമുന്നണിയും എല്‍ഡിഎഫും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്ന ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളിലും ഇരുമുന്നണികള്‍ക്കും ഭീഷണിയാവുകയാണ് അപരന്മാര്‍. അതാകട്ടെ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ഇടങ്ങളും.

ചെറിയ വോട്ടിന് ജയം നിര്‍ണയിക്കുന്നവയാണ് ഈ വാര്‍ഡുകള്‍. സ്ഥാനാർഥികളുടെ പേരിലോ ഇനിഷ്യലിലോ സാമ്യമുള്ള അപരര്‍ പിടിക്കുന്ന ഓരോ വോട്ടും ഇവിടങ്ങളില്‍ വളരെയേറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ വോട്ട് കൈവിട്ട് പോകാതിരിക്കാന്‍ വീടുകള്‍ കയറി ബാലറ്റ് യൂണിറ്റിന്റെ മാതൃക തയ്യാറാക്കി പേരും ചിഹ്നവും ഫോട്ടോയും ബാലറ്റിലെ സ്ഥാനവുമെല്ലാം വോട്ടര്‍മാരെ പഠിപ്പിക്കുകയാണ് മുന്നണികള്‍.

ജില്ലയില്‍ത്തന്നെ വടകര ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ അപരസ്ഥാനാര്‍ഥികളുള്ളത്. നാലുപഞ്ചായത്തുകളില്‍ ആകെയുള്ള 83 വാര്‍ഡുകളില്‍ 43 വാര്‍ഡിലും അപരരുണ്ട്. 59 അപരരാണ് ആകെയുള്ളത്. മുന്‍വര്‍ഷങ്ങളില്‍ അപരരെ ഇറക്കി നടത്തിയ പരീക്ഷണം ചില മുന്നണികള്‍ക്ക് ഗുണംചെയ്തിരുന്നു. ഇതോടെയാണ് ഇത്തവണ വ്യാപകമായി അപരര്‍ ഇറങ്ങിയത്.

ചോറോട് പഞ്ചായത്തിലെ 15 വാര്‍ഡിലായി 21 അപരരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. എട്ടുവാര്‍ഡില്‍ മാത്രമാണ് അപരസാന്നിധ്യം ഇല്ലാത്തത്. കഴിഞ്ഞവര്‍ഷം ബിജെപി ജയിച്ച 19-ാം വാര്‍ഡില്‍ ബിജെപിക്ക് തന്നെ അപരയുണ്ട്. ഒഞ്ചിയത്ത് ഒന്‍പതുവാര്‍ഡിലായി 13 അപരരുണ്ട്. ഏറാമല പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡിലായി 11 അപരരും ഴിയൂരില്‍ 10 വാര്‍ഡിലായി 14 അപരരുമുണ്ട്.

Content Highlights:name sake issue in local body polls

dot image
To advertise here,contact us
dot image