'ലോകത്തിന് സ്‌കാന്‍ഡിനേവിയ പോലെയാണ് ഇന്ത്യയ്ക്ക് കേരളം, പറഞ്ഞത് കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്ന എക്കണോമിസ്റ്റ്'

കേരളമെന്ന് കേട്ടാല്‍ ഞരമ്പുകളില്‍ ചോര അല്‍പം തിളയ്ക്കുന്നതില്‍ തെറ്റില്ലെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

'ലോകത്തിന് സ്‌കാന്‍ഡിനേവിയ പോലെയാണ് ഇന്ത്യയ്ക്ക് കേരളം, പറഞ്ഞത് കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്ന എക്കണോമിസ്റ്റ്'
dot image

തിരുവനന്തപുരം: ലോകത്തിന് സ്‌കാന്‍ഡിനേവിയ പോലെയാണ് ഇന്ത്യയ്ക്ക് കേരളം എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദ എക്കണോമിസ്റ്റിന്റെ വാർത്തയില്‍ പ്രതികരിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍. ലോകത്തെ തന്നെ ഏറ്റവും മികച്ച ജീവിതനിലവാരവും സാമൂഹികവികസന സൂചികകളുമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ് മാര്‍ക്‌സിസത്തെയും കമ്യൂണിസത്തെയും നിരന്തരം വിമര്‍ശിക്കുന്ന ദ എക്കണോമിസ്റ്റ് പോലെ ഒരു മാഗസിന്‍ നമ്മുടെ കൊച്ചുകേരളത്തെ ചേര്‍ത്ത് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നമ്മുടെ കേരളത്തെ ലോകം ഉറ്റുനോക്കുകയാണ്. മുതലാളിത്തത്തിന്റെ വക്താക്കള്‍ പോലും നമ്മില്‍ നിന്നും പഠിക്കാനുണ്ടെന്ന് പറയുന്നു. കേരളമെന്ന് കേട്ടാല്‍ ഞരമ്പുകളില്‍ ചോര അല്‍പം തിളയ്ക്കുന്നതില്‍ തെറ്റില്ലെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ലോകത്തിന് സ്‌കാന്‍ഡിനേവിയ പോലെയാണ് ഇന്ത്യയ്ക്ക് കേരളം എന്ന് പറഞ്ഞിരിക്കുന്നത് മാര്‍ക്‌സിസത്തെയും കമ്യൂണിസത്തെയും നിരന്തരം വിമര്‍ശിക്കുന്ന മുതലാളിത്തത്തിലധിഷ്ടിതമായ സാമ്പത്തികസിദ്ധാന്തങ്ങളെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദ എക്കണോമിസ്റ്റ് ആണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച ജീവിതനിലവാരവും സാമൂഹികവികസന സൂചികകളുമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ് ദ എക്കണോമിസ്റ്റ് പോലെ ഒരു മാഗസിന്‍ നമ്മുടെ കൊച്ചുകേരളത്തെ ചേര്‍ത്ത് വെച്ചിരിക്കുന്നത്.

കേരളം ഇന്ത്യയുടെ വികസന ചാമ്പ്യനാണെന്നത് അനിഷേധ്യമായ സംഗതിയാണെന്ന് സാമൂഹ്യക്ഷേമത്തെക്കുറിച്ച് ഇന്ത്യയ്ക്ക് കേരളത്തില്‍ നിന്നും ചിലത് പഠിക്കാനുണ്ടെന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദ എക്കണോമിസ്റ്റ് പറയുന്നു. അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനോടൊപ്പം ഇന്ത്യന്‍ സര്‍ക്കാരിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയിലെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ സൂചകങ്ങളിലും കേരളത്തിന്റെ റാങ്ക് രാജ്യത്ത് തന്നെ മികച്ചതാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഇതിനെല്ലാം കാരണം, ജാതിമതരാഷ്ട്രീയത്തിന്റേതല്ലാത്ത, ക്ഷേമപദ്ധതികളുടെ പുനര്‍വിതരണത്തിനായി മത്സരിക്കുന്ന തരം സവിശേഷവും അതുല്യവുമായ ഒരു രാഷ്ട്രീയം നമ്മുടെ കൊച്ചുകേരളത്തിനുള്ളതാണെന്നും ലേഖനം വിലയിരുത്തുന്നുണ്ട്.

സമത്വമുള്ള ഒരു സമൂഹമായി വളരുമ്പോഴും ലിബറല്‍ സാമ്പത്തികനയങ്ങള്‍ പിന്തുടരാത്ത ഇടത് രാഷ്ട്രീയം കേരളത്തെ വ്യാവസായിക വളര്‍ച്ചയില്‍ പിന്നോട്ടടിച്ചു എന്ന സ്ഥിരം മുതലാളിത്തപക്ഷ വിമര്‍ശനം ഈ ലേഖനവും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതേ വാചകത്തിനൊപ്പം, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്നും തങ്ങളുടെ സഹോദരസ്ഥാപനമായ എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ (eiu) പഠനത്തെ അധികരിച്ച് എഴുതിയിട്ടുണ്ട്.

നമ്മുടെ കേരളത്തെ ലോകം ഉറ്റുനോക്കുകയാണ്. മുതലാളിത്തത്തിന്റെ വക്താക്കള്‍ പോലും നമ്മില്‍ നിന്നും പഠിക്കാനുണ്ടെന്ന് പറയുന്നു. കേരളമെന്ന് കേട്ടാല്‍ ഞരമ്പുകളില്‍ ചോര അല്പം തിളയ്ക്കുന്നതില്‍ തെറ്റില്ലെന്ന് പറയാം….', മന്ത്രി കുറിച്ചു.

കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യഞ്ജത്തിന്റെ വെളിച്ചം ലോകത്തിന് വഴികാട്ടിയാകുമ്പോൾ അടിസ്ഥാന രഹിതമായ വിമർശനങ്ങളുന്നയിച്ച് കണ്ണടക്കുന്നവർക്ക് മാത്രമേ ഇരുട്ടാവുന്നുള്ളൂ എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Content Highlights: kn balagopal on the economist news about kerala

dot image
To advertise here,contact us
dot image