അതിദരിദ്രർക്കുള്ള ഭക്ഷ്യ കൂപ്പൺ തട്ടിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്, തട്ടിയത് രണ്ട് പേരുടെ കൂപ്പൺ

കേരളം അതിദരിദ്രമുക്ത സംസ്ഥാനമെന്ന അംഗീകാരത്തില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍ അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെന്ന പരാതി ഉയര്‍ന്നത്

അതിദരിദ്രർക്കുള്ള ഭക്ഷ്യ കൂപ്പൺ തട്ടിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്, തട്ടിയത് രണ്ട് പേരുടെ കൂപ്പൺ
dot image

ആലപ്പുഴ: അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യ കൂപ്പണ്‍ തട്ടിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്. ചേര്‍ത്തല നഗരസഭാ കൗണ്‍സിലര്‍ എം എം സാജുവിനെതിരെ ചേര്‍ത്തല പൊലീസാണ് കേസെടുത്തത്. അതിദരിദ്രരായ രണ്ടുപേരുടെ കൂപ്പണ്‍ സാജു തട്ടിയെന്നാണ് എഫ്‌ഐആര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി.

സി വി ആനന്ദകുമാര്‍ എന്ന ഗുണഭോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗുണഭോക്താവിന്റെ പരാതി നഗരസഭാ സെക്രട്ടറി പൊലീസിന് കൈമാറിയിരുന്നു. കേരളം അതിദരിദ്രമുക്ത സംസ്ഥാനമെന്ന അംഗീകാരത്തില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍ അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെന്ന പരാതി ഉയര്‍ന്നത്.

ചേര്‍ത്തല നഗരസഭ 25ാം വാര്‍ഡിലെ കൗണ്‍സിലറാണ് എം എം സാജു. 2024 ഡിസംബര്‍ മുതല്‍ 11 മാസത്തെ ഭക്ഷ്യക്കൂപ്പണ്‍ സാജു തട്ടിയെന്നാണ് പരാതി. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട സി വി ആനന്ദകുമാറിന് സിവില്‍ സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എല്ലാ മാസവും 500 രൂപയുടെ കൂപ്പണായിരുന്നു നഗരസഭ കൗണ്‍സിലറെ ഏല്‍പ്പിച്ചത്.

ഇത് വാര്‍ഡിലെ കഷ്ടത അനുഭവിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് സാജുവിന്റെ വിശദീകരണം. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഗുണഭോക്താവിന്റെ പരാതി നഗരസഭ പൊലീസിന് കൈമാറുകയായിരുന്നു.


Content Highlights: Case filed against Congress councilor for stealing food coupons for the extremely poor

dot image
To advertise here,contact us
dot image