താമരശ്ശേരി സംഘർഷത്തിന് പിന്നിൽ SDPI, ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചത് സംഘർഷം ഒഴിവാക്കാൻ'; സിപിഐഎം ജില്ലാ സെക്രട്ടറി

സമരത്തിലേക്കുള്ള എസ്ഡിപിഐ നുഴഞ്ഞുകയറ്റം അന്വേഷിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

താമരശ്ശേരി സംഘർഷത്തിന് പിന്നിൽ SDPI, ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചത് സംഘർഷം ഒഴിവാക്കാൻ'; സിപിഐഎം ജില്ലാ സെക്രട്ടറി
dot image

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് സമരത്തിന് നേതൃത്വം നൽകിയത് എസ്ഡിപിഐയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. സമരത്തിലേക്കുള്ള എസ്ഡിപിഐ നുഴഞ്ഞുകയറ്റം അന്വേഷിക്കണമെന്നും കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് സംഘർഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും എം മെഹബൂബ് പറഞ്ഞു.

സംഭവം വളരെ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തെ എസ്ഡിപിഐയും പ്രദേശത്തെ നാലോളം പ്രാദേശിക ലീഗ് നേതാക്കളുമാണ് നയിച്ചത്. സമരത്തിന് വേറെ രാഷ്ട്രീയമുഖമൊന്നും നൽകിയിട്ടില്ല. സിപിഐഎം അനുഭാവികളായ കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കണമെന്നതാണ് പാർട്ടിയുടെ സമീപനം. ക്രിമിനൽ സ്വഭാവമുള്ള ചിലരാണ് ഈ പ്രവർത്തി നടത്തിയത്. സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും മെഹബൂബ് പറഞ്ഞു.

കട്ടിപ്പാറയിലുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും ചില ഛിദ്രശക്തികൾ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ജനകീയ സമരത്തിൽ നുഴഞ്ഞുകയറിയെന്നും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയും പറഞ്ഞിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്.

എന്നാൽ സിപിഐഎം പ്രാദേശിക നേതൃത്വം ഇത്തരം ആരോപണങ്ങളെ തള്ളിയിരുന്നു. സംഘർഷത്തിൽ ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി.സംഘർഷത്തിൽ 500 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്. ആകെ എട്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ പ്രതികളെ തിരഞ്ഞ് പ്രദേശത്തെ വീടുകളിൽ രാത്രിയിലടക്കം പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നതായി നാട്ടുകാർ ആരോപിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭയന്നാണ് കഴിയുന്നതെന്നും അനധികൃതമായി നടത്തുന്ന പൊലീസ് റെയ്ഡ് അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ചൊവ്വാഴ്ചയാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചായിരുന്നു സമരം.

ഇതേ കാരണങ്ങളുന്നയിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്. പ്ലാൻറിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. റൂറൽ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുൾപ്പടെ നിരവധി പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. കമ്പനിക്ക് അഞ്ച് കോടിയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്.

Content Highlights: CPIM says SDPI led the fresh cut protest in Thamarassery

dot image
To advertise here,contact us
dot image