
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്‌ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഗൂഢാലോചനയിൽ ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവിനെതിരെ പോറ്റി മൊഴി നൽകിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. എല്ലാം ചെയ്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു അനന്തസുബ്രഹ്മണ്യത്തിന്റെ മൊഴി. പോറ്റി പറഞ്ഞതുകൊണ്ടാണ് പാളികൾ ബെംഗളൂരുവിൽ കൊണ്ടുപോയതും നാഗേഷിന് കൈമാറിയതെന്നും അനന്തസുബ്രഹ്മണ്യം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി സന്നിധാനത്ത് നിന്നും സ്വർണപ്പാളികൾ ഏറ്റുവാങ്ങിയതും സ്വർണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോയതും അനന്തസുബ്രഹ്മണ്യം ആയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ അനന്തസുബ്രഹ്മണ്യത്തിന്റെ പങ്കിനെ പറ്റി വ്യക്തമാക്കിയിരുന്നു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. 2019ലെ മിനിറ്റ്‌സാണ് പിടിച്ചെടുത്തത്. സ്വർണം പൂശാനെടുത്ത യോഗ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് പിടിച്ചെടുത്ത മിനിറ്റ്‌സിലുള്ളത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുക്കാനും അവ സുരക്ഷിതമായി എസ്‌ഐടി കസ്റ്റഡിയിൽ സൂക്ഷിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. മിനിറ്റ്‌സിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണമെന്നും എസ്‌ഐടിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ, കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത ദിവസം മിനിറ്റ്‌സ് പിടിച്ചെടുത്തതായാണ് വിവരം. സ്വർണക്കൊള്ളയിൽ സംസ്ഥാനത്തിന് പുറത്ത് ഗൂഢാലോചന നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
നിലവിലെ ബോർഡിനെതിരായ പരാമർശം മാറ്റാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്ർറ് പി എസ് പ്രശാന്ത് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശിൽപ പാളികളും താങ്ങുപീഠവും കൈമാറാൻ പിഎസ് പ്രശാന്ത് നിർദേശം നൽകിയതായി ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സ്റ്റാൻഡിംഗ് കൗൺസിൽ വഴി അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്നും തന്നെയോ ബോർഡിനേയോ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു. സ്വർണപ്പാളികൾ കൈമാറ്റം ചെയ്തതിൽ പി എസ് പ്രശാന്തും എസ്ഐടിയുടെ അന്വേഷണ പരിധിയിലാണ്.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവും കട്ടിളപ്പാളിയിലെ സ്വർണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമേ ഒൻപത് പേരെയാണ് പ്രതിചേർത്തത്. ഇതിലാണ് മുരാരി ബാബു രണ്ടാം പ്രതി. മുൻ അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ ദേവസ്വം സെക്രട്ടറി ആർ ജയശ്രീ, മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു , മുൻ തിരുവാഭരണ കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര പ്രസാദ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവർക്കെതിരെയും കേസുണ്ട്.
കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിൽ എട്ട് പേരാണ് പ്രതികൾ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കൽപേഷ്, 2019 ലെ ദേവസ്വം കമ്മീഷണർ, എ പത്മകുമാർ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികൾ. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. കേസിൽ ഒക്ടോബർ 17നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights: murari babu arrested in sabarimala gold scam case