
കൊച്ചി: സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാണും. സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വി ജി അരുണ്‍ ആണ് സിനിമ കാണുക. നിര്‍മ്മാതാക്കള്‍ ഇതിനാവശ്യമായ സൗകര്യം ഒരുക്കും. ഹര്‍ജിക്കാരുടെയും ഹര്‍ജിയെ എതിര്‍ക്കുന്നവരുടെയും അഭിഭാഷകരും സിനിമ കാണും. പടമുഗള്‍ കളര്‍ പ്ലാനറ്റിലായിരിക്കും സിനിമ കാണാനുള്ള സൗകര്യം.
നവാഗതനായ വീര സംവിധാനം ചെയ്ത് ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചിരുന്നു.
ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. ഹാല്‍ സിനിമയ്‌ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് ആരോപണം. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹര്‍ജി നല്‍കുകയായിരുന്നു.
സിബിഎഫ്സി നടപടിക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ന്യൂഡിറ്റിയോ വയലന്‍സോ ഇല്ലാത്ത സിനിമയ്ക്ക് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ ചോദ്യം. സമൂഹത്തിലെ ചില പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സംവിധായകന്‍ പ്രതികരിച്ചിരുന്നു.
Content Highlights: Haal Movie High Court will be seen on Saturday at seven pm