പകരക്കാരനില്ലാത്ത അമരക്കാരനെന്ന് വാസവൻ; വർക്കലയിൽ നിന്ന് നല്ലത് കേട്ടതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി

ഇങ്ങനെയൊരു സംഘടനാ നേതാവിനെ കാണാനാകില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു

പകരക്കാരനില്ലാത്ത അമരക്കാരനെന്ന് വാസവൻ; വർക്കലയിൽ നിന്ന് നല്ലത് കേട്ടതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി
dot image

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളിയെന്ന് വി എൻ വാസവന്‍ പറഞ്ഞു. വര്‍ക്കല ശിവഗിരിയില്‍ നടന്ന എസ്എന്‍ഡിപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ മൂന്ന് പതിറ്റാണ്ടുകാലം സംഘടനയെ നയിച്ചുവെന്നും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി അദ്ദേഹം വളര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളമാകെ പറന്നുനടന്ന് സംഘടനയെ വളര്‍ത്തി. പ്രതിസന്ധികളെ അതിവിദഗ്ധമായി നേരിട്ടു. യൗവനത്തോടെ എല്ലാക്കാലവും സംഘടനയെ അദ്ദേഹം നയിച്ചു. ഇങ്ങനെയൊരു സംഘടനാ നേതാവിനെ കാണാനാകില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

വര്‍ക്കലയില്‍ നിന്ന് നല്ലത് കേട്ടതില്‍ സന്തോഷമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ചിലര്‍ തന്നെ കുറ്റം പറയാന്‍ നടക്കുകയാണ്. തന്നെക്കുറിച്ച് മോശം പറഞ്ഞ സ്ഥലമാണ് വര്‍ക്കല. പറഞ്ഞിട്ടും താന്‍ നന്നാവാത്തതുകൊണ്ട് പറച്ചില്‍ നിര്‍ത്തി. ഇപ്പോള്‍ അവരെയൊന്നും കാണാനില്ല. യൂണിയനിലെ വിമതരെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. നന്മ ചെയ്യുന്നവരെ കുറ്റം പറയുന്നത് നിര്‍ത്തണം. തന്നെ കളളുകച്ചവടക്കാരന്‍, പള്ളിക്കൂടത്തില്‍ പോകാത്തവന്‍ എന്നൊക്കെ പറഞ്ഞു പരത്തി. പക്ഷേ തന്റെ സമുദായം എവിടെ കിടക്കുന്നു എന്ന് തനിക്കറിയാം.

പാവങ്ങളുടെ ഹൃദയത്തുടിപ്പ് അറിയാം. 27 വര്‍ഷം മുന്നെ തന്റെ സമുദായം എവിടെ കിടക്കുന്നുവെന്ന് അറിയാമായിരുന്നു. കുടിലുകളില്‍ കിടന്നവരെയാണ് താന്‍ സംഘടിപ്പിച്ചത്. ഇല്ലാത്തവരുടെ ദുഃഖം നല്ലതുപോലെ തൊട്ടറിഞ്ഞ ആളാണ് താന്‍. മൈക്രോ ഫിനാന്‍സിന് പാര വെച്ചവര്‍ ഒരുപാടുണ്ട്. താന്‍ കള്ളപ്പണം എടുത്താണ് ഇടപാട് നടത്തിയതെന്ന് പറഞ്ഞു. ഗുരുവിനെ ഈഴവനാക്കി ഒതുക്കി. അദ്ദേഹം ഈഴവനായി ജനിച്ചു പോയി. അല്ലെങ്കില്‍ വിശ്വഗുരുവായി അറിയപ്പെടുമായിരുന്നു. ജാതി പറയുന്നവനാണെന്ന് തന്നെ വിമര്‍ശിക്കുന്നവരുണ്ട്. ചില വിഭാഗക്കാര്‍ എല്ലാം കയ്യടക്കി ബാക്കിയുള്ളവരെ കുറ്റം പറയുകയാണ്. ജാതി താന്‍ നാളെയും പറയും. സാമൂഹിക നീതിയാണ് നടപ്പാക്കേണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Content Highlights: VN Vasavan said that he would not see an organizational leader like Vellappally Natesan

dot image
To advertise here,contact us
dot image