എക്കാലത്തും മുഖംമൂടി ധരിച്ച് ഇത്തരം തെമ്മാടിത്തരം തുടരാമെന്ന് കരുതേണ്ട; റഹീം എംപിക്കും കുടുംബത്തിനും പിന്തുണ

''പ്രസ്തുത പ്രൊഫൈലിലെ മുന്‍ പോസ്റ്റുകള്‍ നിരീക്ഷിച്ചാല്‍ അത് കോണ്‍ഗ്രസ് സൈബര്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതാണെന്ന് വ്യക്തമാണ്'

എക്കാലത്തും മുഖംമൂടി ധരിച്ച് ഇത്തരം തെമ്മാടിത്തരം തുടരാമെന്ന് കരുതേണ്ട; റഹീം എംപിക്കും കുടുംബത്തിനും പിന്തുണ
dot image

തിരുവനന്തപുരം: എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരായ ലൈംഗികാധിക്ഷേപം അത്യന്തം ഹീനവും അപലപനീയവുമാണെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. റഹീം എംപിയുടെ കുടുംബ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തി, വ്യക്തി അധിക്ഷേപം നടത്തുന്ന പോസ്റ്റുകള്‍ മിഥുന്‍ മിഥു എന്ന സോഷ്യല്‍ മീഡിയ ഐ ഡി ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയാണ് എന്നും ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കിൽ കുറിച്ചു.

'പ്രസ്തുത പ്രൊഫൈലിലെ മുന്‍ പോസ്റ്റുകള്‍ നിരീക്ഷിച്ചാല്‍ അത് കോണ്‍ഗ്രസ് സൈബര്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതാണെന്ന് വ്യക്തമാണ്. പൊതുസമൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അപമാനിതരായി നില്‍ക്കുന്ന സാഹചര്യത്തെ മറികടക്കാന്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് അശ്ലീല പ്രചരണം നടത്തുകയാണ് ചെയ്യുന്നത്. സമൂഹത്തെ മലീമസമാക്കുന്ന ഇത്തരം പ്രചാരണ രീതിയില്‍ നിന്നും പിന്മാറാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടതുണ്ട്. ആശയപരമായ രാഷ്ട്രീയ പ്രചരണം നടത്തുന്നതിന് പകരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തുന്ന പ്രൊഫൈലുകള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയണം. എല്ലാകാലത്തും മുഖംമൂടി ധരിച്ചുകൊണ്ട് സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ ഇത്തരം തെമ്മാടിത്തം തുടരാമെന്ന് അവര്‍ കരുതേണ്ടതില്ല. ലൈംഗികാധിക്ഷേപം നടത്തിയ വ്യക്തിക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. എ.എ.റഹീം എം പി ക്കും കുടുംബത്തിനുമെതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,' ആര്യാ രാജേന്ദ്രന്‍ കുറിപ്പിൽ പറഞ്ഞു.

സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടി റഹീം എംപി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തന്റെയും ഭാര്യയുടെയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏല്‍പിക്കുന്നതുമാണെന്ന് റഹീം പരാതിയിൽ പറഞ്ഞിരുന്നു. സമൂഹത്തില്‍ അപമാനിക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നുമുള്ള ഉദ്ദേശത്താടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളതെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. അപകീര്‍ത്തിപ്പെടുത്തുന്ന ഈ പോസ്റ്റിന് താഴെയായി പ്രതികാരബുദ്ധിയോടെ മറ്റ് ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ടെന്നും ഇത് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സമൂഹത്തിലെ സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തിയാണെന്നും എ എ റഹീം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight; : Cyber ​​attack against A A Rahim MP and family; Arya Rajendran responds

dot image
To advertise here,contact us
dot image