
പുതിയ ജിഎസ്ടി പരിഷ്കാരങ്ങളോടെ ലൈഫ്, ഹെൽത്ത് ഇൻഷുറൻസുകകൾ സാധാരണക്കാർക്കും എളുപ്പം പ്രാപ്യമാകുമെന്നാണ് വിലയിരുത്തൽ. ഈ ഇൻഷുറൻസുകൾ സ്വന്തമാക്കാൻ ഇനി കുറഞ്ഞ ചെലവേ വരൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യക്തിഗത ലൈഫ് ഇൻഷുറൻസിനെയും റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളെയും ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതാണ് സാധാരണക്കാരെ സംബന്ധിച്ച് ഗുണകരമാകുന്നത്. നേരത്തെ ഇവയിൽ മിക്കവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനം ആയിരുന്നു.
ടേം പ്ലാനുകൾ, ഹെൽത്ത് പോളിസികൾ, യുലിപ്പുകൾ (യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ) അല്ലെങ്കിൽ എൻഡോവ്മെന്റ്/സേവിംഗ്സ് പ്ലാനുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിന്റെ പ്രയോജനം പെട്ടെന്ന് തന്നെ ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വ്യക്തിഗത ലൈഫ് ഇൻഷുറൻസിനെയും റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളെയും ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയ ഉപഭോക്തൃ സൗഹൃദമാണെങ്കിലും മറഞ്ഞിരിക്കുന്ന ചെലവുകളെക്കുറിച്ച് വിദഗ്ധർ മുന്നണിയിപ്പ് നൽകുന്നുണ്ട്. കമ്മീഷനുകൾ, പ്രവർത്തന ചെലവുകൾ തുടങ്ങിയ ഇൻപുട്ട് സേവനങ്ങൾക്ക് ഇൻഷുറർമാർ ഇപ്പോഴും ജിഎസ്ടി നൽകേണ്ടിവരുമെന്നാണ് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) സെറ്റ് ചെയ്യാൻ ഇനി പ്രീമിയങ്ങൾ ഉണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇനിയുള്ള സാമ്പത്തിക പാദങ്ങളിൽ ഇൻഷുറർമാർ വില പുനർനിർണ്ണയിക്കുകയും വിതരണക്കാരുടെ കമ്മീഷനുകൾ ക്രമീകരിക്കുകയും ചെയ്തേക്കാമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇൻഷുറർമാർ ഈ ക്രമീകരണങ്ങൾ വരുത്തുന്നതിനാൽ ചെലവുമായി ബന്ധപ്പെട്ട ചില ആനുകൂല്യങ്ങൾ പരിമിതപ്പെട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മിക്ക ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെയും വിലകൾ ഓഗസ്റ്റിലെ വിലയ്ക്ക് സമാനമായിരിക്കാൻ സാധ്യതയുണ്ടെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ, റീപ്രൈസിംഗും മാർജിൻ ക്രമീകരണങ്ങളും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഇത് ഉയർന്ന പ്രീമിയങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുറഞ്ഞ പ്രീമിയങ്ങൾക്ക് ഇൻഷുറൻസുകൾ സ്വന്തമാക്കാനുള്ള അവസരം വളരെ വേഗം ഉപഭോക്താക്കൾ ഉപയോഗിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ട്. ടേം, ഹെൽത്ത് പോളിസികൾ ഇപ്പോൾ വാങ്ങുന്നത് ഭാവിയിലെ വില പരിഷ്കരണങ്ങൾക്ക് മുമ്പ് പോളിസി ഉടമകൾക്ക് നിലവിലെ ഇളവിന്റെ പ്രയോജനം ലഭിക്കാൻ സഹായകമാകുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: GST exemption on life and health insurance premiums makes policies cheaper