
പത്തനംതിട്ട: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പയില്‍ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്‌നാടിന്റെ രണ്ട് മന്ത്രിമാര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാലിന് പങ്കെടുക്കണം എന്നുണ്ടായിരുന്നു. മറ്റു കാരണങ്ങള്‍ക്കൊണ്ടാണ് വരാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയില്‍ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ശബരി ഒരു തപസ്വിനിയായിരുന്നു. വനവാസക്കാലത്ത് രാമ-ലക്ഷ്മണന്മാര്‍ ഇവിടേക്ക് എത്തി. അങ്ങനെ ശബരിക്ക് മോക്ഷം കിട്ടി. അതാണ് ശബരിമലയുടെ ഐതിഹ്യം. വേര്‍തിരിവുകള്‍ക്ക് അതീതമാണ് ശബരിമല. മതാതീതമായ ആരാധനാലയം. ഈ ആരാധനാലയങ്ങളെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് വലിയ പ്രവാഹമാണ് ശബരിമലയിലേക്ക് ഒഴുകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് ഇന്ന് ആളുകള്‍ എത്തുന്നു. ഭക്തജന സാഗരം എന്ന് ഇന്ന് പൂങ്കാവനത്തെ വിശേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് എന്താണോ വേണ്ടത്, അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി അല്ല ചെയ്യേണ്ടത്. ഭക്തജനങ്ങളെക്കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഭക്തജന സംഗമം തടയാന്‍ ശ്രമമുണ്ടായി. അത് സുപ്രീംകോടതി വിലക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്നും ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും സഹിക്കുന്നവരാണ് ഭക്തര്‍. കല്ലും മുള്ളും കാലുക്ക് മെത്ത എന്നാണല്ലോ. ഞാനും നീയും ഒന്നാകും എന്ന് പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ത്ഥം. അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത ഇല്ലാതാകുന്നു. അപരന്‍ ഇല്ലാതാകുന്നു. എല്ലാം ഒന്ന് എന്ന ബോധ്യം തെളിയുകയാണ്. അത് തെളിയിക്കുകയാണ് ശബരിമലയുടെ സന്ദേശം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മധുരയുടെയും തിരുപ്പതിയുടെയും മാതൃകയില്‍ ശബരിമലയെയും അവതരിപ്പിക്കുകയാണ് ലക്ഷ്യം. ശബരിമലയുടെ സ്വീകാര്യത സാര്‍വത്രികമാക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാതെവികസനംനടപ്പിലാക്കുക. ഭിന്നിപ്പ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പരിപാടി തടയാന്‍ കോടതി വരെ പോയത് ഖേദകരമാണ്. വിശ്വാസപരമായ ശുദ്ധിയോ മറ്റോ അല്ല അവരെ ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്. കൊവിഡ് കാലത്ത് ദേവസ്വം ബോര്‍ഡിന് വലിയ പ്രതിസന്ധിയുണ്ടായി. അന്ന് 140 കോടിയുടെ ധനസഹായം സര്‍ക്കാര്‍ നല്‍കി. ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ പ്രചരണം ചിലര്‍ ഇപ്പോഴും നടത്തിവരുന്നു. ഇതെല്ലാം പലതവണ വിശദീകരിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്ര വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പണം നല്‍കുന്നു എന്നത് കാണേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് താരതമ്യേന തുശ്ച വരുമാനമുള്ള ക്ഷേത്രങ്ങളില്‍ അന്തിത്തിരി തെളിയുന്നത്. ഭക്തരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ടു പോകും. ശബരിമലയിലേക്ക് നൂതന ഗതാഗത സൗകര്യങ്ങള്‍ ഒരുങ്ങണം. ഭാഷ ഭേദമന്യേ അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കണം. പോര്‍ട്ടലുകളും ഹെല്‍പ് ഡെസ്‌കുകളും ഉണ്ടാകണം. ഇതിനെ ദുര്‍വാഖ്യാനം ചെയ്ത് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ചില ശ്രമിക്കുന്നു.
ഭക്തരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ടു പോകും.
ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന വാദഗതിയുമുണ്ട്. വിശ്വാസികളുടെ കയ്യില്‍ തന്നെ ആയിരുന്നല്ലോ പണ്ട് ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നത്. ആരും നോക്കാന്‍ ഇല്ലാതെ അതൊക്കെ നശിച്ചു. അങ്ങനെയാണ് ദേവസ്വം ബോര്‍ഡ് ഉണ്ടാകണമെന്ന ആവശ്യമുയര്‍ന്നത്. വിശ്വാസികളില്‍ നിന്ന് തന്നെയാണ് ഈ ആവശ്യം ഉയര്‍ന്നത്. ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കപ്പെട്ടു. കൊവിഡ് മഹാമാരി എല്ലാവരും ഓര്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. 140 കോടി രൂപയുടെ ധനസഹായമാണ് ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയത്. മരാമത്ത് പണികള്‍ക്കായി 123 കോടി രൂപയും ലഭ്യമാക്കി. ഇത്തരം സത്യങ്ങള്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നു. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറയുന്നവര്‍ സര്‍ക്കാര്‍ സഹായം ഇല്ലാത്ത പഴയകാല ദുരവസ്ഥയിലേക്ക് തിരിച്ചു പോകണം എന്നാണോ ആഗ്രഹിക്കുന്നത്. അത്തരം ഒരു തിരിച്ചുപോക്കാണോ ആഗ്രഹിക്കുന്നത് എന്ന് അവരോട് തന്നെ തിരിച്ചു ചോദിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: CM Pinarayi vijayan inagurates Global ayyappa sangamam