സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ സനൽ കുമാറിനെ ഇന്നലെ കൊച്ചിയില്‍ എത്തിച്ചിരുന്നു

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം
dot image

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ സനൽകുമാറിനെ ഹാജരാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സനൽകുമാറിനെ മുംബൈയിൽ നിന്ന് എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സനൽകുമാറിനെ കൊച്ചിയിൽ എത്തിക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. സനൽകുമാറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപവാദ പ്രചാരണം നടത്തൽ, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നൽകിയിട്ടുള്ളത്. അതേസമയം തനിക്കെതിരെയുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നാണ് സനൽകുമാറിന്റെ വാദം. ഓരാളെ സ്‌നേഹിച്ചതാണോ താൻ ചെയ്ത കുറ്റമെന്നും ഒരു സ്ത്രീയെ തടവിൽ വെച്ചിരിക്കയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് തന്നെ പിടിച്ചിരിക്കുകയാണെന്നും സനൽകുമാർ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് സനൽകുമാർ ശശിധരനെതിരെ നടി എളമക്കര പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനൽകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു നടിയുടെ പരാതി. ഇതിന് പിന്നാലെ സനൽകുമാർ ശശിധരനെതിരെ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ സമയം സനൽകുമാർ അമേരിക്കയിലായിരുന്നു. തുടർന്ന് സനൽകുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിൽ എടുക്കുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അമേരിക്കയിൽ നിന്ന് കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയ സനൽകുമാറിനെ ഉദ്യോഗസ്ഥർ തടഞ്ഞുവെയ്ക്കുകയായിരുന്നു.

2022ൽ ഇതേ നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറശ്ശാലയിലെ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയായിരുന്നു സനൽകുമാറിനെ മഫ്തി വേഷത്തിലെത്തിയ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സനൽകുമാർ ബഹളംവെയ്ക്കുകയും തന്നെ കൊല്ലാൻ ശ്രമിക്കുന്നതായും ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ സനൽകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlights: Director Sanal Kumar Sasidharan granted bail in actress' complaint

dot image
To advertise here,contact us
dot image