'അഞ്ച് ലക്ഷം രൂപ നൽകിയിട്ടില്ല, ഔസേപ്പ് തല്ലിച്ചതച്ചു'; ഹോട്ടൽ ഉടമയുടെ വാദം തള്ളി പരാതിക്കാരനായ ദിനേശൻ

ബിരിയാണി കഴിക്കാൻ പോയി 5 ലക്ഷം രൂപ നൽകി എന്നത് ആരെങ്കിലും വിശ്വസിക്കുമോയെന്ന് ദിനേശൻ

'അഞ്ച് ലക്ഷം രൂപ നൽകിയിട്ടില്ല, ഔസേപ്പ് തല്ലിച്ചതച്ചു'; ഹോട്ടൽ ഉടമയുടെ വാദം തള്ളി പരാതിക്കാരനായ ദിനേശൻ
dot image

തൃശൂർ: പീച്ചി പൊലീസ് സ്‌റ്റേഷൻ കസ്റ്റഡി മർദനത്തിൽ ഹോട്ടൽ ഉടമയുടെ വാദം തള്ളി പരാതിക്കാരനായ ദിനേശൻ. തനിക്ക് ഔസേപ്പ് 5 ലക്ഷം രൂപ നൽകിയിട്ടില്ലെന്നും അദ്ദേഹം തന്നെ തല്ലിച്ചതച്ചുവെന്നും ദിനേശൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഹോട്ടലിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ പരാതിയാണ് ദിനേശൻ ഉന്നയിച്ചതെന്നും തന്റെ ഹോട്ടൽ ജീവനക്കാരനേയും മകനേയും മർദിച്ച പൊലീസ്, ദിനേശൻ മുഖാന്തിരം കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമാണ് ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞിരുന്നത്. പിന്നാലെ അഞ്ച് ലക്ഷം രൂപ ദിനേശന് കൈമാറിയെന്നും ഇതിൽ മൂന്ന് ലക്ഷം പൊലീസിനും ബാക്കി രണ്ട് ലക്ഷം മാത്രമേ തനിക്ക് ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞതായും ഔസേപ്പ് വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളെ പൂർണമായും തള്ളിയാണ് ദിനേശൻ രംഗത്ത് രംഗത്ത് വന്നത്.

പുറത്ത് വന്ന വിവരങ്ങളെല്ലാം തെറ്റാണ്. തന്നെ ഔസേപ്പ് തല്ലിച്ചതച്ചു. അഞ്ച് ലക്ഷം രൂപ നൽകിയിട്ടില്ല. കോടതിയിൽ കേസ് നടക്കുന്നതിനാൽ അതേകുറിച്ച് പ്രതികരിക്കുന്നില്ല. പണം നൽകി എന്ന ധാരണ ഉണ്ടാക്കാൻ ഔസേപ്പ് നാടകം കളിക്കുകയായിരുന്നു. തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും ദിനേശൻ പറഞ്ഞു.

ഔസേപ്പ് തന്നെ തല്ലുന്ന ദൃശ്യങ്ങൾ ഹോട്ടലിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ ദൃശ്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഹോട്ടലിനു പുറത്തിട്ട് തന്നെ പട്ടിയെപ്പോലെ തല്ലി. ഇത് കണ്ട് ഔസേപ്പ് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഔസേപ്പുമായി ബന്ധപ്പെട്ട മുഴുവൻ ദൃശ്യങ്ങളും തന്റെ കൈവശമുണ്ട്. പരാതി പിൻവലിക്കാൻ എന്തിനാണ് അദ്ദേഹം തയ്യാറായത്. ബിരിയാണി കഴിക്കാൻ പോയി 5 ലക്ഷം രൂപ നൽകി എന്നത് ആരെങ്കിലും വിശ്വസിക്കുമോയെന്നും ദിനേശൻ ചോദിച്ചു.

2023 മേയ് 24നായിരുന്നു സംഭവം. ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് പാലക്കാട് സ്വദേശിയായ ദിനേശൻ പ്രശ്‌നമുണ്ടാക്കിയത്. ഹോട്ടലിൽ ബഹളം ആയതോടെ അധികൃതർ പൊലീസിനെ വിളിച്ചെങ്കിലും വന്നില്ല. പിന്നാലെ പരാതി നൽകാൻ ഹോട്ടൽ മാനേജരും ഡ്രൈവറും എത്തിയപ്പോൾ എസ് ഐ ഇവരെ മർദിക്കുകയായിരുന്നു. പരാതിക്കാരനായ ദിനേശനൊപ്പം നിന്ന പൊലീസ് പണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടെന്നും ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ നൽകിയെന്നുമാണ് ഔസേപ്പ് പറഞ്ഞത്. ഈ തുകയിൽ മൂന്ന് ലക്ഷം പൊലീസിനും രണ്ട് ലക്ഷം മാത്രമേ തനിക്ക് കിട്ടുകയുള്ളൂവെന്നും ദിനേശൻ പറഞ്ഞതായി ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിന് ശേഷം എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എതിരായിട്ടും സംഭവം നടന്ന് ഒരു മാസത്തിനകം എസ് ഐക്ക് പ്രൊമോഷൻ ലഭിച്ചെന്നും ഔസേപ്പ് പറഞ്ഞിരുന്നു.

Content Highlights: Complainant Dineshan rejects hotel owner's claim in Peechi police station custody beating

dot image
To advertise here,contact us
dot image