തെറ്റുകാരനല്ലെങ്കിൽ, നിങ്ങളല്ല ആ വ്യക്തിയെങ്കിൽ കേസ് കൊടുക്കണം: രാഹുൽ മാങ്കൂട്ടത്തിലിനോട് വനിതാ നേതാവ്

'നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളല്ല ആ വ്യക്തിയെങ്കില്‍ നിങ്ങളുടെ പേര് വലിച്ചിഴച്ചതിനെതിരെ നിയമപരമായി മുന്നോട്ടുപോകണം. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടണം'- എന്നാണ് സ്‌നേഹ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

dot image

തിരുവനന്തപുരം: യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് കൊടുക്കണമെന്ന് വനിതാ നേതാവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസിഡന്റ് തെറ്റുകാരനല്ലെങ്കില്‍ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി മുന്നോട്ടുപോവുകയും വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇത്തരമൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കേസ് കൊടുക്കണമെന്നും ആര്‍ വി സ്‌നേഹ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലാണ് സ്‌നേഹ ഇക്കാര്യം ആവശ്യപ്പെട്ടത്.

'ഒരു പെണ്ണ് യുവനേതാവിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് വന്ന് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ആണോ അതെന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്നാണ് മറുപടി. രാഹുല്‍ എന്ന വ്യക്തിക്കപ്പുറം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇങ്ങനൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്? എത്രയോ നേതാക്കളുടെ പേര് പറയാം. ഈ പരാതിക്കാരി യുവനേതാവിന്റെ പേര് പറയുന്നില്ല. എന്നാല്‍ ചാനലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് വ്യക്തിയെന്ന തരത്തില്‍ പോകുന്നു. ബിജെപിയുടെ പ്രതിഷേധം നടന്നു. സ്ത്രീകള്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കണം, പെണ്ണുപിടിയനായ എംഎല്‍എ വേണ്ടെന്ന് പറഞ്ഞാണ് അവര്‍ പ്രതിഷേധം നടത്തിയത്'-ആര്‍ വി സ്‌നേഹ പറഞ്ഞു.

ഒരുപാട് പെണ്‍കുട്ടികള്‍ ഉളള പ്രസ്ഥാനമാണ്. ഇത് രാഹുല്‍ എന്ന വ്യക്തിക്കെതിരെയല്ല, സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷനായ ആള്‍ക്കെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. ഇങ്ങനെ ആരോപണം വരുമ്പോള്‍ ഇതിനകത്ത് നില്‍ക്കുന്ന പെണ്‍കുട്ടികളെയും മോശമായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്. പ്രസിഡന്റിന്റെ പേര് വലിച്ചിഴച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ കേസ് കൊടുക്കണം. സത്യം സമൂഹം അറിയണമല്ലോ. പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാകും. ഒറ്റ കേസല്ല, ഇതെത്ര കേസുകളാണ് നടക്കുന്നത്. പെണ്‍കുട്ടി പറയുന്നത് നേതാവ് നിരന്തരം ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചുവെന്നും മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഈ നേതാവിനെക്കൊണ്ട് ബുദ്ധിമുട്ടുണ്ടായി തലവേദനയാണ് എന്നൊക്കെയാണ് പറയുന്നത്. അവര്‍ പരാതി നല്‍കിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് സ്റ്റാംപ് ഒട്ടിച്ചുകഴിഞ്ഞു. ബഹുമാനപ്പെട്ട പ്രസിഡന്റ് തെറ്റുകാരനല്ലെങ്കില്‍ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി പോവുകയും വേണം. നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളല്ല ആ വ്യക്തിയെങ്കില്‍ നിങ്ങളുടെ പേര് വലിച്ചിഴച്ചതിനെതിരെ നിയമപരമായി മുന്നോട്ടുപോകണം. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടണം'- എന്നാണ് സ്‌നേഹ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവ‍ർത്തകയും അഭിനേതാവുമായ റിനി ആൻ ജോ‍ർജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുവെന്നുമാണ് യുവമാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.

Content Highlights: Rahul Mamkoottathil should file case if not guilty says youth congress leader r v sneha

dot image
To advertise here,contact us
dot image