
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ സൂപ്രണ്ടും പ്രിന്‍സിപ്പലും നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ). ഇന്നലെ നടന്നത് മനോവീര്യം കെടുത്തുന്ന തരത്തിലുള്ള നീക്കമാണെന്ന് കെജിഎംസിടിഇ പ്രസിഡന്റ് റോസ്‌നാര ബീഗം പറഞ്ഞു.
ആരോപണ വിധേയർ ആരാണോ അവരുടെ സാന്നിധ്യത്തിൽ വേണമായിരുന്നു പരിശോധന നടത്തേണ്ടിയിരുന്നതെന്ന് റോസ്‌നാര ബീഗം പറഞ്ഞു. ഇന്നലെ നടന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ഒരു വ്യക്തത വരുത്തി. ഇനി ഒരു അന്വേഷണം വേണം എന്ന് കരുതുന്നില്ല. നിലവിലെ അന്വേഷണത്തില്‍ ഹാരിസ് വിശദീകരണം നല്‍കുമെന്നും റോസ്‌നാര ബീഗം പറഞ്ഞു.
'കെജിഎംസിടിഎയുമായി ചര്‍ച്ച നടത്താം എന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കടുത്ത നടപടികള്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളജ് വിഷയത്തില്‍ വേണ്ടത് ക്രിയാത്മകമായ ഇടപെടലാണ്. പര്‍ച്ചേസ് അടക്കം എല്ലാം എച്ച്ഒഡിയുടെ തലയില്‍വെയ്ക്കരുത്. സ്റ്റോര്‍ - പര്‍ച്ചേസ് വിഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണം', റോസ്‌നാര പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്നതാണ് വിഷയമെന്നും റോസ്‌നാര കൂട്ടിച്ചേര്‍ത്തു. ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അന്വേഷണം വേണമെന്ന് പറഞ്ഞതുകൊണ്ടാണ് പരിശോധന നടത്തിയത് എന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്. ഡോക്ടര്‍ ഹാരിസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തേണ്ടിയിരുന്നത്. അതിനുള്ള അതൃപ്തി പ്രിന്‍സിപ്പലിനെ അടക്കം അറിയിച്ചിട്ടുണ്ടെന്നും റോസ്‌നാര ബീഗം പറഞ്ഞു.
ഡോക്ടര്‍ ഹാരിസ് ആവശ്യത്തില്‍ കൂടുതല്‍ സ്ട്രെസ് അനുഭവിച്ചെന്നും അവര്‍ പറഞ്ഞു. ഇത് തുടര്‍ക്കഥ ആകുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഡോക്ടര്‍ ഹാരിസിന്റെ സാന്നിധ്യത്തില്‍ അടുത്തയാഴ്ചയായിരിക്കും ചര്‍ച്ച നടക്കുകയെന്നും റോസ്‌നാര വ്യക്തമാക്കുന്നു.
Content Highlights: KGMCTE Supports Haris Chirackal