
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ പ്രതികരിച്ച് ജയില്‍ ഉപദേശകസമിതി അംഗം പി ജയരാജന്‍. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ചാണ് ഗോവിന്ദച്ചാമി പുറത്തുകടന്നതെന്നാണ് പ്രാഥമിക വിവരമെന്നും ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണെന്നും പി ജയരാജന്‍ പറഞ്ഞു.
എന്നാല്‍ ജയില്‍ ചാട്ടം ആസൂത്രിതമാണോയെന്ന് സംശയിക്കത്തക്ക നിലയില്‍ ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സുരേന്ദ്രന്റെ പ്രതികരണം അധ്യക്ഷസ്ഥാനം പോയ ശേഷമുള്ള മനോനില വ്യക്തമാക്കുന്നതാണെന്നും ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണെന്നും പി ജയരാജന്‍ പരിഹസിച്ചു. കെ സുരേന്ദ്രന്റെ മനോനില പരിശോധിക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.
'കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് അതികാലത്ത് തന്നെ കേട്ടത്. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം. ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്. ആ അന്വേഷണം സര്‍ക്കാര്‍ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാം. എന്നാല്‍ ഈ ജയില്‍ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയില്‍ ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്. അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഈ ജയില്‍ ചാട്ടത്തെ തുടര്‍ന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നു', എന്നും പി ജയരാജന്‍ പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സര്‍വ്വത്ര ദുരൂഹതയുണ്ടെന്നും ചാടിയതാണോ ചാടിച്ചതാണോയെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരുന്നു. ജയില്‍ ഉപദേശക സമിതി അംഗങ്ങളായി പി ജയരാജന്റെയും തൃക്കരിപ്പൂര്‍ എഎംഎല്‍യും ഉണ്ടെന്ന് സൂചിപ്പിച്ചായിരുന്നു കുറിപ്പ്.
'കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് രാത്രി ഒന്നേ കാലിന്. ജയില്‍ അധികൃതര്‍ അതറിയുന്നത് പുലര്‍ച്ചെ അഞ്ചേ കാലിന്. പൊലീസില്‍ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്. ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സര്‍വ്വത്ര ദുരൂഹത. ജയില്‍ ചാടിയതോ ചാടിച്ചതോ? ജയില്‍ ഉപദേശക സമിതിയില്‍ പി. ജയരാജനും തൃക്കരിപ്പൂര്‍ എംഎല്‍എയും', എന്നായിരുന്നു കുറിപ്പ്.