
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് നഴ്‌സ് അമീനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് അമീന ജോലി ചെയ്തിരുന്ന അമാന ആശുപത്രി മുന്‍ മാനേജര്‍ അബ്ദുറഹിമാന്റെ ഗുരുതര മാനസിക പീഡനമെന്ന് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് രാജിവെയ്ക്കാന്‍ അമീന സന്നദ്ധത അറിയിച്ചിട്ടും അബ്ദുറഹിമാന്‍ സമ്മതിച്ചില്ല. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന് പറഞ്ഞു തുടരാന്‍ നിര്‍ബന്ധിച്ചു. ഈ വര്‍ഷം ജൂണില്‍ വീണ്ടും രാജി നല്‍കി. എന്നാല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇയാള്‍ തയ്യാറായില്ലെന്നും പൊലീസ് കണ്ടെത്തി.
ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം അമീനയെ ക്യാബിനില്‍ വിളിച്ചു വരുത്തി അബ്ദുറഹിമാന്‍ അനാവശ്യമായി ചീത്ത വിളിച്ചു. ഇതിന് പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് അമീന ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു. അറിയാത്ത ജോലികള്‍ ചെയ്യാന്‍ അമീനയെ അബ്ദുറഹിമാന്‍ നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അറിയാത്ത ജോലി അമീന തന്നെ ചെയ്യണം എന്ന് അബ്ദുറഹിമാന്‍ നിര്‍ബന്ധിച്ചു. ഇതും അമീനയെ മാനസികമായി തളര്‍ത്തിയിരുന്നു.
ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും അബ്ദുറഹിമാനില്‍ നിന്ന് സമാന അനുഭവമാണുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഹോസ്റ്റലിലെ ടോയിലറ്റ് വൃത്തിയാക്കാന്‍ ഉള്ള സാധനങ്ങള്‍ വരെ അബ്ദുറഹിമാന്‍ ജീവനക്കാരെക്കൊണ്ട് വാങ്ങിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അബ്ദുറഹിമാനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു കോതമംഗംലം സ്വദേശിനിയായ അമീന ജീവനൊടുക്കിയത്. അമിതമായി ഗുളിക കഴിച്ചനിലയില്‍ കണ്ടെത്തിയ അമീനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി അമീന ഈ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 13 ന് ജോലി അവസാനിപ്പിച്ചു മടങ്ങാന്‍ നില്‍ക്കുകയായിരുന്നു.
Content Highlights- Ameena who killed herself in kuttippuram faced mental harrasment by hospital manager says investigation officer