ഒരിക്കൽ നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്ന നേതാക്കളിലെ അവസാന കണ്ണിയാണ് മായുന്നത്: ബെന്യാമിൻ

ഒരു നൂറ്റാണ്ടോളം കേരളത്തിലെ ജനങ്ങളോടൊപ്പം സഞ്ചരിച്ച് പ്രവര്‍ത്തിച്ച് ഓരോ പ്രശ്‌നങ്ങളിലും ഇടപെട്ട് ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വി എസ് എന്ന വലിയ മനുഷ്യനെന്ന് ബെന്യാമിന്‍

dot image

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. നികത്താന്‍ കഴിയാത്ത വിയോഗമാണ് വി എസിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഒരു നൂറ്റാണ്ടോളം കേരളത്തിലെ ജനങ്ങളോടൊപ്പം സഞ്ചരിച്ച് പ്രവര്‍ത്തിച്ച് ഓരോ പ്രശ്‌നങ്ങളിലും ഇടപെട്ട് ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വി എസ് എന്ന വലിയ മനുഷ്യനെന്ന് ബെന്യാമിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'രണ്ട് അക്ഷരം കൊണ്ട് മലയാളി അദ്ദേഹത്തെ എത്രമാത്രം നെഞ്ചേറ്റിയെന്നതിന്റെ ഉദാഹരണമാണ് മണിക്കൂറുകളായി കണ്ടുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തെ പടുത്തുയര്‍ത്താന്‍ അദ്ദേഹം വഹിച്ച പങ്ക്, ഒരിക്കല്‍ നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനത്തെ പതിയ പതിയെ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളിലെ അവസാന കണ്ണി കൂടി മായുമ്പോള്‍ ഒരു പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഒരു ഏട് കൂടിയാണ് മായുന്നത്. ആ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരള ജനത മുന്നോട്ട് പോകേണ്ടത്', ബെന്യാമിന്‍ പറഞ്ഞു.

വി എസ് തനിക്കുള്ള നോര്‍ക്കയുടെ പുരസ്‌കാരം നല്‍കിയതും ബെന്യാമിന്‍ ഓര്‍മിക്കുന്നു. വലിയ മനുഷ്യനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് എപ്പോഴും ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലാപയാത്ര ബഹുദൂരം പിന്നിലാണെന്ന് അറിയാമെന്നും എങ്കിലും ഇവിടെ വരേണ്ടതുണ്ടെന്നും ഇവിടെ നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വികാരാധീതനായി പറഞ്ഞു.

വി എസുമായുള്ള ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്.

Content Highlights: Benyamin about VS Achuthanandan

dot image
To advertise here,contact us
dot image