'വി എസ് ജനപ്രിയ നേതാവ്, കേരളജനതയ്ക്ക് വലിയ നഷ്ടം'; അനുശോചിച്ച് കോൺഗ്രസ് നേതാക്കൾ

നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു വി എസ്, അദ്ദേഹവുമായുള്ള നിമിഷങ്ങൾ താൻ എന്നും ഓർക്കുമെന്ന് രമേശ് ചെന്നിത്തല

dot image

തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായി എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നയാളാണ് വി എസ് എന്നും കുടുംബത്തോടും പാർട്ടിയോടും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അധ്യക്ഷൻ പറഞ്ഞു.

താൻ വളരെ കുട്ടിക്കാലം മുതൽക്കേ അറിയുന്നയാളാണ് വി എസ് എന്നും നാട്ടുകാരൻ എന്ന നിലയിൽ തങ്ങളോടെല്ലാം അദ്ദേഹം വലിയ സ്നേഹം വെച്ചുപുലർത്തിയിരുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യയശാസ്ത്രപരമായി ഭിന്നതയുണ്ടായിരുന്നിട്ടും നല്ല ഒരു മനുഷ്യസ്നേഹിയായിരുന്നു വി എസ്. കാണുമ്പോൾ പരുക്കനാണെന്ന് തോന്നുമെങ്കിലും അടുത്തുപെരുമാറുമ്പോൾ അദ്ദേഹത്തിന്റെ മനഃശുദ്ധി അറിയാൻ കഴിയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വി എസുമായുള്ള സംസാരങ്ങൾ എല്ലാം എപ്പോഴും ഹൃദ്യമായിരുന്നു. നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. അദ്ദേഹവുമായുള്ള നിമിഷങ്ങൾ താൻ എന്നും ഓർക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Also Read:

കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.

വി എസിന്റെ ഭൗതിക ശരീരം നിലവിൽ ദര്‍ബാര്‍ ഹോളിൽ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.

Content Highlights: Congress leaders on V S demise

dot image
To advertise here,contact us
dot image