
കോഴിക്കോട്: കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ആർടിഒ ഇടപെടണമെന്ന് ഉടമകളുടെ സംയുക്ത സമിതി. ബസുകളുടെ സമയക്രമമാണ് മത്സരയോട്ടത്തിന് കാരണം. സമയ ക്രമീകരണം കൊണ്ടുവരണം. ഒരേ സമയത്ത് രണ്ടു ബസുകൾ ഓടുന്നു. മത്സരയോട്ടത്തിന് ഉടമകൾക്ക് താൽപര്യമില്ല. അപകടങ്ങൾ ഉടമകൾക്കും സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. മത്സര ഓട്ടത്തിന്റെ കാരണം ആർടിഒ പഠിച്ചു കണ്ടെത്തണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കോഴിക്കോടും കണ്ണൂരും പ്രതിഷേധം കനക്കുകയാണ്. കോഴിക്കോട് പേരാമ്പ്രയിൽ ഇന്നും ബസ് തടഞ്ഞുള്ള പ്രതിഷേധം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ ബസുകൾ ഇന്നും സർവീസ് ആരംഭിച്ചിട്ടില്ല. എന്നാൽ നാദാപുരം - കോഴിക്കോട് റൂട്ടിലെ സോൾമേറ്റ് ബസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
ബസിന്റെ താക്കോൽ ഊരിയെടുക്കുകയും യൂത്ത് കോൺഗ്രസിന്റെ പതാകയുടെ വടി ഉപയോഗിച്ച് ബസിന്റെ ചില്ലുകളിൽ അടിക്കുകയും ചെയ്തു. നിറയെ യാത്രക്കാർ ഉള്ള ബസ് ആണ് യൂത്ത് കോൺഗ്രസുകാർ തടഞ്ഞത്. അതേസമയം, കണ്ണോത്തുംചാലിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിലും പ്രതിഷേധമുണ്ടായി.
സ്വകാര്യ ബസിന് നേരെ കല്ലേറ് നടന്നു. കാടാച്ചിറയിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസ് തടഞ്ഞിരുന്നു. ഈ സമയത്ത് തൊഴിലാളികളുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനു ശേഷം ബസ് വീണ്ടും സർവീസ് ആരംഭിച്ചപ്പോൾ മുൻഭാഗത്ത് നിന്ന് വന്ന ബൈക്കിൽ നിന്നൊരാൾ കല്ലെറിയുകയായിരുന്നു. കല്ലേറിന്റെ സമയത്ത് ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയാഴ്ചയാണ് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിയായ ജവാദ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ജവാദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്റെ ടയർ കയറിയിറങ്ങിയാണ് ജവാദ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19) മരിച്ചത്. സ്കൂട്ടറിൽ പോകുന്നതിനിടെ ബസ് ഇടിക്കുകയും വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
Content Highlights: bus owners says accidents are causing financial burden