ഹൈന്ദവ വർഗീയതയ്ക്ക് വഴിവെട്ടാൻ ഗുരുപാരമ്പര്യത്തെ ഉപയോഗിക്കുന്ന സമീപനത്തെ ചെറുക്കണം: സുനിൽ പി ഇളയിടം

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി എഴുത്തുകാരൻ സുനിൽ പി ഇളയിടം

dot image

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി എഴുത്തുകാരൻ സുനിൽ പി ഇളയിടം. ഗുരുപാരമ്പര്യത്തിനും കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൈന്ദവ വർഗീയതയ്ക്ക് വഴിവെട്ടാൻ ഗുരുപാരമ്പര്യത്തെ ഉപയോഗിക്കുന്ന ഈ സമീപനത്തെ കേരളം ഒരുമിച്ചുനിന്ന് ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വർഷം വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിൽ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

പരാമർശം വിവാദമായെങ്കിലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി. വർഗീയത പരത്തുന്നതിന് തനിക്കെതിരെ കേസെടുക്കാനും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. താനാണോ ഇവിടെ വർഗീയത പരത്തുന്നതെന്നും തന്റെ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. 'കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. എന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷമാണുള്ളത്. ഞാനൊരു സമുദായത്തിനുമെതിരല്ല. പക്ഷേ, സാമൂഹിക നീതിക്ക് വേണ്ടി ഇന്നും നാളെയും ഞാൻ പറയും. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേ. മുസ്‌ലിം സമുദായത്തോട് നമുക്ക് ഒരു വിരോധവും ഇല്ല', വെള്ളാപ്പള്ളി പറഞ്ഞു.

ഈ കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല തന്റെ ധർമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമ്മൾ തുറന്നു പറഞ്ഞാൽ ജാതി മറ്റുള്ളവർ പറഞ്ഞാൽ നീതിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും എസ്എൻഡിപിക്കില്ലെന്നും കിട്ടാത്തത് ചോദിച്ചാൽ മുസ്‌ലിം വിരോധമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു

Content Highlights: sunil p elayidom against vellappally natesan

dot image
To advertise here,contact us
dot image