നിമിഷപ്രിയയുടെ വധശിക്ഷ; കുടുംബം സമ്മതിക്കാതെ വിട്ടുകൊടുക്കാൻ കോടതിക്ക് അധികാരമില്ല,ചർച്ച നടക്കുകയാണ്:കാന്തപുരം

യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് ഏറ്റവും പുതിയ നീക്കമെന്നാണ് വിവരം

dot image

കോഴിക്കോട്: വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനായി യമനില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് എ പി വിഭാഗം സമസ്ത നേതാവ് കാന്തപുരം എപി അബൂബക്കർ മുസലിയാര്‍. വിഷയത്തില്‍ ഒന്നും ചെയ്യാന്‍ നമുക്ക് സാധിക്കുകയില്ലെങ്കിലും കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താല്‍ വിട്ടുകൊടുക്കാന്‍ കുടുംബങ്ങള്‍ അധികാരം ഉണ്ടെന്ന് ഇസ്ലാം മതത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം അവിടെയുള്ളവരെ അറിയിച്ച് ജഡ്ജിമാരോടും കുടുംബങ്ങളോടും സംസാരിക്കുകയും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയുമാണെന്നും മര്‍കസില്‍ വെച്ച് കാന്തപുരം പറഞ്ഞു.

'യമനില്‍ ഒരു പെണ്‍കുട്ടിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താല്‍ വിട്ടുകൊടുക്കാന്‍ കുടുംബത്തിന് അധികാരമുണ്ടെന്ന് ഇസ്ലാം മതം പറയുന്നുണ്ട്. ഇക്കാര്യം അവിടെയുള്ളവരെ ബന്ധപ്പെട്ട് ജഡ്ജിമാരോടും കുടുംബങ്ങളോടും സംസാരിക്കുകയും ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയുമാണ്. കുടുംബക്കാര്‍ സമ്മതിക്കാതെ വിട്ടുകൊടുക്കാന്‍ കോടതിക്ക് അധികാരമില്ല. വീട്ടുകാര്‍ വഴങ്ങുമോയെന്ന ചര്‍ച്ചയിലാണ്. ഇസ്ലാം മതത്തില്‍ ഇത്തരമൊരു സൗകര്യം ഉണ്ടെന്നും വര്‍ഗീയ വാദത്തിന്റെ മതമല്ലെന്ന് ലോകത്തിന് പഠിച്ചുകൊടുക്കാനും നമ്മുടെ വാക്കുകൊണ്ട് സാധിച്ചു. ലോകത്തിന് നന്മ ചെയ്യാന്‍ ശ്രമിക്കലാണ് നമ്മുടെ കര്‍ത്തവ്യമെന്ന നിലയ്ക്കാണ് വിഷയത്തില്‍ ഇടപെട്ടത്', കാന്തപുരം പറഞ്ഞു.

യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് ഏറ്റവും പുതിയ നീക്കമെന്നാണ് വിവരം. മര്‍ക്കസില്‍ അടിയന്തര കൂടിയാലോചനകള്‍ നടക്കുകയാണ്. യമനിലേക്ക് പ്രതിനിധികളെ അയക്കുന്നതാണ് ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തിന്റെ നടപടി. വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യമനില്‍ തുടരവെയാണ് പ്രതിനിധികളെ അയക്കാനും തീരുമാനിക്കുന്നത്. ആശവഹമായ പുരോഗതിയാണ് ചര്‍ച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ തുടരുകയാണ്.

വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാന്യം നല്‍കുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാന്‍ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷന്‍കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്.

Content Highlights: kanthapuram AP Aboobacker Musliyar Reaction over Nimisha Priya Release

dot image
To advertise here,contact us
dot image