
പാലക്കാട്: മണ്ണാര്‍ക്കാട് സിപിഐഎം നേതാവ് പി കെ ശശിക്കെതിരെ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി എം ആര്‍ഷോ നടത്തിയ പ്രസംഗത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആ പാര്‍ട്ടി ഓഫീസ് മണ്ണാര്‍ക്കാടങ്ങാടിയില്‍ ഉണ്ടാക്കിയതും ബിലാല്‍ ആയിരുന്നുവെന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണം.
'അന്ന് ബിലാല്‍ നിങ്ങള്‍ക്ക് ആറാം തമ്പുരാനായിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍. ഉത്സവം നടത്തണമെന്ന് ജഗന്നാഥന്‍ തീരുമാനിക്കേണ്ട താമസമേയുള്ളൂ. തീരുമാനിച്ചാല്‍ പിന്നെ ബാക്കി ഞങ്ങള്‍ നോക്കും. കൊടിയേറിയിട്ടുണ്ടെങ്കില്‍ ഉത്സവം നടക്കും. നടത്തും', എന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. ശശിയെ പിന്തുണക്കുന്ന തരത്തിലുള്ള പോസ്റ്റാണ് സന്ദീപ് വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്.
സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് ശശിക്ക് മുന്നറിയിപ്പുമായി ആര്‍ഷോ രംഗത്തെത്തിയത്. തങ്ങളാകെ കാരക്കാമുറി ഷണ്‍മുഖനും ബിലാലുമാണെന്നാണ് ചില ചട്ടമ്പികളുടെ വിചാരമെന്ന് ആര്‍ഷോ പറഞ്ഞു. സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഈ പറയുന്ന ആള്‍ വെറും പടക്കം ബഷീര്‍ ആണെന്ന് മണ്ണാര്‍ക്കാട്ടെ ജനങ്ങള്‍ മനസിലാക്കിയെന്ന് ആര്‍ഷോ പറഞ്ഞു.
'താന്‍ പടക്കം ബഷീര്‍ അല്ല ബിലാല്‍ ആണെന്ന് അയാള്‍ വീണ്ടും പറയുമായിരിക്കും. അയാളോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ബിലാല്‍ അര ട്രൗസര്‍ ഇട്ട് അങ്ങാടിയില്‍ക്കൂട്ടി നടന്ന കാലത്ത് ബിലാല്‍ ഒരു ബിലാലും ആയിരുന്നില്ല. ആ ബിലാലിനെ അര ട്രൗസര്‍ ഇട്ട കാലത്ത് മേരി ടീച്ചര്‍ കൂട്ടിക്കൊണ്ടുപോയി. നേരെ നിവര്‍ന്നുനില്‍ക്കാന്‍ അയാളെ പ്രാപ്തനാക്കിയത് മേരിടീച്ചറാണ്. അങ്ങനെയാണ് ബിലാല്‍ ബിലാലായി മാറിയത്. നേരെ നില്‍ക്കാന്‍ പ്രാപ്തനായ ബിലാല്‍ പിന്നീട് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലയ്ക്ക് ഗുണ്ടെറിയാന്‍ ആളെ പറഞ്ഞുവിട്ടു. പൊന്നുമോന്‍ ബിലാല്‍ ഒരു കാര്യം ഓര്‍ക്കണം. മേരി ടീച്ചര്‍ക്ക് വേറെയുമുണ്ട് മക്കള്‍. ആ മക്കള്‍ ഇറങ്ങിയാല്‍ സായിപ്പ് ടോണിയുടെ മുട്ടിന്റെ ചിരട്ട കാണില്ല', എന്നായിരുന്നു ആര്‍ഷോയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്ന് ശശി പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ആര്‍ഷോയുടെ പരിഹാസ രൂപേണയുള്ള മുന്നറിയിപ്പ്.
Content Highlights: Sandeep G Varier against Arsho speech about P K Shashi