'മോനേ ബിലാലേ, മേരി ടീച്ചർക്ക് വേറെയുമുണ്ട് മക്കൾ; അവർ ഇറങ്ങിയാൽ സായിപ്പ് ടോണിയുടെ മുട്ടിന്റെ ചിരട്ട കാണില്ല'

പി കെ ശശിക്ക് മുന്നറിയിപ്പുമായി പി എം ആർഷോ

dot image

പാലക്കാട്: സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പി കെ ശശിക്ക് മുന്നറിയിപ്പുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. തങ്ങളാകെ കാരക്കാമുറി ഷണ്‍മുഖനും ബിലാലുമാണെന്നാണ് ചില ചട്ടമ്പികളുടെ വിചാരമെന്ന് ആര്‍ഷോ പറഞ്ഞു. സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഈ പറയുന്ന ആള്‍ വെറും പടക്കം ബഷീര്‍ ആണെന്ന് മണ്ണാര്‍ക്കാട്ടെ ജനങ്ങള്‍ മനസിലാക്കിയെന്ന് ആര്‍ഷോ പറഞ്ഞു.

താന്‍ പടക്കം ബഷീര്‍ അല്ല ബിലാല്‍ ആണെന്ന് അയാള്‍ വീണ്ടും പറയുമായിരിക്കും. അയാളോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ബിലാല്‍ അര ട്രൗസര്‍ ഇട്ട് അങ്ങാടിയില്‍ക്കൂട്ടി നടന്ന കാലത്ത് ബിലാല്‍ ഒരു ബിലാലും ആയിരുന്നില്ല. ആ ബിലാലിനെ അര ട്രൗസര്‍ ഇട്ട കാലത്ത് മേരി ടീച്ചര്‍ കൂട്ടിക്കൊണ്ടുപോയി. നേരെ നിവര്‍ന്നുനില്‍ക്കാന്‍ അയാളെ പ്രാപ്തനാക്കിയത് മേരിടീച്ചറാണ്. അങ്ങനെയാണ് ബിലാല്‍ ബിലാലായി മാറിയത്. നേരെ നില്‍ക്കാന്‍ പ്രാപ്തനായ ബിലാല്‍ പിന്നീട് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലയ്ക്ക് ഗുണ്ടെറിയാന്‍ ആളെ പറഞ്ഞുവിട്ടുവെന്ന് ആര്‍ഷോ പറഞ്ഞു. പൊന്നുമോന്‍ ബിലാല്‍ ഒരു കാര്യം ഓര്‍ക്കണം. മേരി ടീച്ചര്‍ക്ക് വേറെയുമുണ്ട് മക്കള്‍. ആ മക്കള്‍ ഇറങ്ങിയാല്‍ സായിപ്പ് ടോണിയുടെ മുട്ടിന്റെ ചിരട്ട കാണില്ലെന്നും ആര്‍ഷോ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നും ശശി പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ആര്‍ഷോയുടെ പരിഹാസ രൂപേണയുള്ള മുന്നറിയിപ്പ്.

ഏരിയ കമ്മറ്റി ഓഫീസ് ഒരോ സിപിഐഎം പ്രവര്‍ത്തകന്റെയും വൈകാരികതയാണെന്നും ആര്‍ഷോ പറഞ്ഞു. അതിന് നേരെ ആക്രമണം ഉണ്ടായാല്‍ ജനാധിപത്യപരമായ മറുപടി മാത്രമാകില്ല ഉണ്ടാകുക, വൈകാരികമായ തിരിച്ചടിയും ഉണ്ടാകും. ആ പ്രതികരണം താങ്ങുന്നതിനുഉള്ള ശേഷി ആക്രമണത്തിന് നേതൃത്വം നല്‍കിയ ഒരു പൊന്നുമോനും ഉണ്ടാകില്ല. ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല എന്ന് അഷറഫിനെ ഓര്‍മിപ്പിക്കുന്നു. കോലിട്ട് കുത്തുന്നത് തുടങ്ങിയിട്ട് കുറെ കാലമായി. അപ്പോഴല്ലാം സംയമനം പാലിച്ചു. വരാന്‍ ഇരിക്കുന്ന ദിവസം പാര്‍ട്ടിയുടെ ശേഷി കാണാന്‍ പോകുന്ന ദിവസങ്ങളാണ്. ഇറങ്ങിയങ്ങ് അടിക്കാന്‍ മണ്ണാര്‍ക്കാട്ടെ സിപിഐഎം തീരുമാനിച്ചാല്‍ മണ്ണാര്‍ക്കാട് അങ്ങാടിയിലൂടെ നടക്കാന്‍ കഴിയില്ല. അഷറഫ് ഇന്നും ഇന്നലെയും നാളെയും സിപിഐഎം അല്ല. അവന്‍ ഏതോ ഫാന്‍സ് അസോസിയേഷനാണ്. ഫാന്‍സ് അസോസിയേഷനുകാരെ മര്യാദക്ക് നിര്‍ത്താന്‍ സിപിഐഎമ്മിന് അറിയാമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

നേരത്തേ പി കെ ശശിക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. മണ്ണാര്‍ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം നേതാക്കള്‍ പ്രകടനം നടത്തിയത്. 'രക്തത്തിന്റെ അത്തര്‍ പൂശി മണ്ണാര്‍ക്കാടിനെ കട്ട് മുടിച്ചവന്‍, മുസ്‌ലിം ലീഗിനെ കൂട്ട്പിടിച്ച് ഞങ്ങടെ നേരെ പോരിന് വന്നാല്‍ ഓര്‍ത്ത് കളിച്ചോ ബിലാലെ,
ബിലാലുമാരുടെ ചെരിപ്പ് നക്കികള്‍ ഞങ്ങടെ നേരെ പോരിന് വന്നാല്‍ തച്ച് തകര്‍ക്കും സൂക്ഷിച്ചോ' തുടങ്ങിയ മുദ്രാവാക്യങ്ങളും നേതാക്കള്‍ ഉയര്‍ത്തി. സിപിഐഎം മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി നാരയണന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights- P M Arsho slam p k sasi after attack against cpim area committee office

dot image
To advertise here,contact us
dot image