
പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വാട്‌സ്ആപ്പ് തട്ടിപ്പ്. വാട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം തുറന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായെന്നാണ് പരാതി. പാലക്കാട് പൊല്‍പ്പളളി സ്വദേശിക്കാണ് മുപ്പതിനായിരം രൂപ നഷ്ടമായത്. കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന സന്ദേശത്തോടൊപ്പം ലഭിച്ച ഡോക്യുമെന്റ് തുറന്നപ്പോഴാണ് പണം നഷ്ടമായതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എടിഎം പിന്‍ ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പൊല്‍പളളി സ്വദേശി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'രാവിലെ എട്ടുമണിക്കാണ് വാട്‌സ്ആപ്പിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ മെസേജ് വന്നത്. മെസേജിനൊപ്പം ഉണ്ടായിരുന്ന ഡോക്യുമെന്റില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ആപ്പ് ഓപ്പണായി. തുടര്‍ന്ന് എടിഎം പിന്‍ നമ്പറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ട് ഫോണിലേക്ക് കോള്‍ വന്നു. ബാങ്കുമായി ബന്ധപ്പെടാമെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷം പണം പോയതായി മെസേജ് വന്നു. ഉടന്‍ ബാങ്കില്‍ പോയി അന്വേഷിച്ചപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടിയതായി അവര്‍ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.'- പരാതിക്കാരന്‍ പറഞ്ഞു. ആറ് തവണയായാണ് മുപ്പതിനായിരം രൂപ നഷ്ടമായത്. ആരാണ് തട്ടിപ്പുകാരെന്നോ എവിടേക്കാണ് തട്ടിയെടുത്ത പണം പോയതെന്നോ വ്യക്തമല്ല. പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: WhatsApp fraud in the name of Bank of India: Palakkad native loses Rs. 30,000