
തിരുവനന്തപുരം: വീട് നിര്‍മ്മാണത്തിനായി പണം വാങ്ങി വന്‍ തട്ടിപ്പെന്ന് പരാതി. ഉടമകളിൽ നിന്നും ലക്ഷങ്ങള്‍ വാങ്ങി പണി പൂര്‍ത്തിയാക്കാതെ മുങ്ങിയതായി അല്‍ മനാഹല്‍ ബില്‍ഡേഴ്‌സിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലായി 19 പേരാണ് പരാതി നല്‍കിയത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും വീടുപണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ കമ്പനിക്കെതിരെ പരാതിയുയര്‍ന്നത്.
എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തീകരിക്കാമെന്നായിരുന്നു കരാറിലുണ്ടായിരുന്നതെന്നും താഴത്തെ നിലയിലെ പണി പൂര്‍ത്തിയായതോടെ പണി നിര്‍ത്തിവയ്ക്കുകയായിരുന്നെന്നും ഒരു പരാതിക്കാരന്‍ ആരോപിക്കുന്നു.
ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ കിഷോര്‍ കുമാര്‍ എന്നയാളും പണിക്കാരും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും 19 ലക്ഷത്തിലധികം രൂപ വാങ്ങിയിരുന്നെന്നും പരാതിക്കാരന്‍ ആരോപിച്ചു. വിളിച്ചാല്‍ ഫോണെടുക്കാറില്ല, എവിടെയാണെന്ന് പോലും അറിയില്ല, തട്ടിപ്പിനിരയായവര്‍ ഇരുപതും മുപ്പതും നാല്‍പ്പതും ലക്ഷം രൂപയിലധികം അല്‍ മനാഹല്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്നും പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണി നിര്‍ത്തിവെച്ചതെന്നും ഉടന്‍ വീടുപണികള്‍ പുനരാരംഭിക്കുമെന്നും ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ കിഷോര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് പരാതിക്കാര്‍ അല്‍ മനാഹലിന്റെ ചതിക്കുഴിയിലേക്ക് എത്തിയത്.
8 മാസം കൊണ്ട് സ്വപ്‌നഭവനം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇതുവിശ്വസിച്ച് ഘട്ടം ഘട്ടമായി ആളുകള്‍ ഇവര്‍ക്ക് പണം നല്‍കി. എന്നാല്‍ വീടുപണി പകുതിയാകുമ്പോഴേക്ക് ഇയാളെ ഫോണില്‍ വിളിച്ചാല്‍ കിട്ടാതെ ആയെന്നാണ് പരാതി. ലോണടക്കം എടുത്താണ് പണം ഇവര്‍ കമ്പനിക്ക് കൊടുത്തത്.
Content Highlights: Massive fraud in house construction: Complaint against Al Manahal Builders