
Jul 26, 2025
02:05 PM
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവെച്ച് കെ മണികണ്ഠന്‍. സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയായിരുന്നു മണികണ്ഠൻ. കോടതി ശിക്ഷ വിധിച്ച ക്രിമിനല്‍ കേസ് പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. എം കെ ബാബുരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിൽ ഈ മാസം 26 ന് അന്തിമ ഹിയറിങ് നടക്കാനിരിക്കെയാണ് രാജി. പെരിയ ഇരട്ടക്കൊലക്കേസിലെ പതിനാലാം പ്രതിയാണ് മണികണ്ഠന്‍.
ശനിയാഴ്ച വൈകീട്ടാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണന് മണികണ്ഠന്‍ രാജിക്കത്ത് നല്‍കിയത്. ഉദുമ പാക്കം ഡിവിഷനില്‍ നിന്നാണ് മണികണ്ഠന്‍ വിജയിച്ചത്. ഇരട്ടക്കൊലക്കേസില്‍ മണികണ്ഠന് സിബിഐ കോടതി അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മണികണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കുകയുമായിരുന്നു.
പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്നാണ് കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Content Highlights: Periya double Murder Case accused Resigned From block panchayath President