
മലപ്പുറം: പി വി അന്‍വറിന് വഴങ്ങേണ്ടെന്ന നിലപാട് ശക്തമാക്കി കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കും. അതേ സമയം അന്‍വര്‍ നിലപാട് തിരുത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്ന നിലപാടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.
അന്‍വറിന്റെ പിന്നാലെ നടക്കേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിക്കുന്നത്. കഷ്ടപ്പെട്ട് അനുനയിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
അതേ സമയം അന്‍വര്‍ അയയുമോ ഇല്ലയോ എന്നത് ഇന്ന് രാവിലെ ഒമ്പതിന് അറിയാം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിലപാട് പ്രഖ്യാപിക്കാന്‍ ഒമ്പത് മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നണിയില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. എന്നാല്‍ മുന്നണിയിലെടുക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. അന്‍വര്‍ ആദ്യം സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇന്നലെ രാത്രി ഏറെ നീണ്ടും സമവായ ചര്‍ച്ചകള്‍ സജീവമായിരുന്നു.
Content Highlights: Congress is not in any mood to succumb to the pressure tactics of PV anvar