
കോഴിക്കോട്: രൂക്ഷമായ മഴയിലും കാറ്റിലും ട്രാക്കിൽ വീണത് മൂലം സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് അടക്കമുളള നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്.
കഴിഞ്ഞ ദിവസം മംഗലാപുരത്തേയ്ക്കുള് വന്ദേ ഭാരത് വൈകിയിരുന്നു. അത് മൂലം തിരിച്ചുള്ള ട്രെയിനിന്റെ സമയം ക്രമീകരിച്ചിരുന്നു. ഇതാണ് വന്ദേ ഭാരത് വൈകാൻ കാരണം. തിരുവനന്തപുരത്തേയ്ക്കുള്ള നേത്രാവതി എക്സ്പ്രസ്സ്, മലബാർ എക്സ്പ്രസ്സ്, കന്യാകുമാരിയിലേക്കുള്ള പരശുറാം എക്സ്പ്രസ്സ് എന്നിവയാണ് വൈകിയോടുന്ന പ്രധാനപ്പെട്ട ട്രെയിനുകൾ. പാലക്കാട് ഡിവിഷനിലും നിരവധി ട്രെയിനുകൾ വൈകിയോടുന്നുണ്ട്. കോയമ്പത്തൂ൪- മംഗലൂരു ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, കണ്ണൂർ- കോയമ്പത്തൂർ പാസഞ്ചർ എന്നിവയാണ് വൈകിയോടുന്നത്.
ഇന്നലെ രാത്രി കോഴിക്കോട് അരീക്കാട് ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരം വീണിരുന്നു. ഇതാണ് ട്രെയിൻ ഗതാഗതം സ്‌തംഭിക്കാൻ കാരണമായത്. പത്ത് മണിക്കൂറോളം സമയമെടുത്താണ് മരം നീക്കിയതും ഗതാഗതം പുനഃസ്ഥാപിച്ചതും.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് മാത്തോട്ടം-അരീക്കോട് ഭാഗത്തേയ്ക്കുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ വന്നുവീണ് ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് തിരുന്നല്‍വേലി- ജാം നഗര്‍ എക്‌സ്പ്രസ് താരതമ്യേന വേഗത്തില്‍ വരുന്നതിനിടെ ഫറോക്ക് സ്‌റ്റേഷന്‍ കഴിഞ്ഞ് അല്‍പ്പം കഴിഞ്ഞായിരുന്നു സംഭവം. മരങ്ങള്‍ക്ക് പുറമേ സമീപത്തെ വീടിന്റെ മേല്‍ക്കൂരയിലെ കൂറ്റന്‍ അലൂമിനിയം ഷീറ്റ് വൈദ്യുതി ലൈനിലേക്ക് വീഴുകയും ചെയ്തു. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്. ശബ്ദം കേട്ട് പ്രദേശവാസികള്‍ സ്ഥലത്തേയ്ക്ക് ഓടിയെത്തിയിരുന്നു. നാട്ടുകാരുടെ സഹകരണം അപകടകരമായ ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് സഹായകരമായിരുന്നു. ട്രെയിന്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടതോടെ കോഴിക്കോടിറങ്ങേണ്ട പല യാത്രക്കാരും സംഭവസ്ഥലത്തിറങ്ങിയിരുന്നു.
Content Highlights: Many trains running late at kerala including Vande Bharat