'കുട്ടികൾ വരെ റീൽസ് എടുക്കുന്ന കാലം, അപ്പോഴാണ് നാല് റീൽസിന് 39 ലക്ഷം'; മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ

ദേശീയപാത വികസനത്തിന് പണം നൽകിയ സംസ്ഥാനം കേരളം മാത്രമെന്ന വാദം പച്ചക്കള്ളമെന്നും അൻവർ കൂട്ടിച്ചേർത്തു

dot image

മലപ്പുറം: ദേശീയപാത വികസനത്തിന് പണം നൽകിയ സംസ്ഥാനം കേരളം മാത്രമെന്ന വാദം പച്ചക്കള്ളമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. മറ്റ് നിരവധി സംസ്ഥാനങ്ങൾ ഇത്തരത്തിൽ പണം നൽകിയെന്ന് എളമരം കരീം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരങ്ങൾ ചൂണ്ടിക്കാണിച്ച് അൻവർ പറഞ്ഞു.

നിതിൻ ഗഡ്കരി എളമരം കരീമിന് നൽകിയ ഉത്തരത്തിൽ പത്ത് സംസ്ഥാനങ്ങൾ പണം നൽകിയിട്ടുണ്ട് എന്ന് അൻവർ പറഞ്ഞു. 25 ശതമാനം തുകയോളം വിവിധ സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുണ്ട്. ഡൽഹി സർക്കാർ 3600 കോടിയാണ് നൽകിയത്. 106 കിലോമീറ്റർ ദേശീയപാത നിർമ്മിക്കാൻ ബീഹാർ സർക്കാർ 100 ശതമാനം തുകയും ഏറ്റെടുത്തു. തമിഴ്നാട് സർക്കാർ 50 ശതമാനം തുകയും ഭൂമി ഏറ്റെടുക്കലിന് വേണ്ടി നൽകി. കർണാടകയും ആന്ധ്രയും ഒറീസയും 50 ശതമാനം തുക നൽകി. എന്നിട്ടും കേരളം മാത്രമാണ് ഭൂമി ഏറ്റെടുക്കാൻ പണം നൽകിയത് എന്ന് വകുപ്പ് മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് അൻവർ പറഞ്ഞു.

ഏറ്റവും കുറവ് പണം നൽകിയത് കേരളമാണെന്നും അൻവർ കൂട്ടിച്ചേർത്തു. ദേശീയപാതയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ റിയാസ് ഒളിച്ചോടുകയാണ് ചെയ്തത്. രണ്ട് ദിവസം വീട്ടിൽ കയറി ഒളിച്ചിരുന്നു. കരാറുകാരെ നിയന്ത്രിക്കുന്നതിൽ വരെ റിയാസ് ഇടപെട്ടുവെന്നും കേന്ദ്രസർക്കാരിനെതിരെ പറയാൻ മന്ത്രിക്ക് ധൈര്യമില്ല എന്നും പി വി അൻവർ പറഞ്ഞു.

ടൂറിസം വകുപ്പ് റീൽസ് എടുക്കാൻ ലക്ഷങ്ങൾ ചിലവഴിച്ചുവെന്നും അൻവർ പറഞ്ഞു.താൻ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ അതിൽ നുണയാണ് എന്നുപറഞ്ഞ് കമന്റുകൾ വന്നു. കുട്ടികൾ വരെ റീൽസ് എടുക്കുന്ന കാലമാണ്, അപ്പോഴാണ് 39 ലക്ഷം കൊടുത്ത് 4 റീൽസ് ഉണ്ടാക്കുന്നത് എന്നും അൻവർ കുറ്റപ്പെടുത്തി. റിയാസ് മന്ത്രി ആയതിന് ശേഷം നിലമ്പൂരിലെ വികസനം തടസപ്പെട്ടുവെന്നും പൂവൻ പഴം വെച്ച് കഴുത്തറുക്കുന്ന പരിപാടിയാണ് റിയാസ് ചെയ്തിരുന്നത് എന്നും അൻവർ കൂട്ടിച്ചേർത്തു.

അതേസമയം, ദേശീയപാത തുടർപ്രവർത്തനങ്ങളും നിധിൻ ഗഡ്കരിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ധരിപ്പിക്കും. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ചക്കുള്ള സമയം തേടിയിട്ടുണ്ട് എന്നാണ് വിവരം.

തുടർച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 21 നാണ് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: PV Anvar against Riyas on Kooriyad Highway crack National Highway fund allocation

dot image
To advertise here,contact us
dot image