അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു; ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റി

കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു

dot image

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പൽ മുങ്ങുന്നതായി സൂചന. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായും വിവരങ്ങളുണ്ട്.നിലവിൽ 21 ഡിഗ്രി വരെ കപ്പൽ ചെരിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഡിഫൻസ് പിആർഒ അതുൽ പിള്ള റിപ്പോർട്ടറിനോട് സ്ഥിരീകരിച്ചു. ഇന്നലത്തെക്കാൾ കടൽ പ്രക്ഷുബ്ധമാണെന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കപ്പലിനെ ഉയർത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനിരുന്നത്. പക്ഷെ കടൽ കൂടുതൽ പ്രക്ഷുബ്ധമായതോട് കൂടി കപ്പൽ മുങ്ങാൻ തുടങ്ങുകയായിരുന്നു. നിലവിൽ ക്യാപ്റ്റനെയും രണ്ട് പേരെയും നാവിക സേനയുടെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും അതുൽ പിള്ള പറഞ്ഞു.

കപ്പൽ ഉയർത്താനുള്ള ദൗത്യം ഇതോടെ അവസാനിപ്പിച്ചു. കപ്പൽ ചെരിഞ്ഞതോടെ കണ്ടെയ്നറുകളും നഷ്ടപ്പെട്ടു. ഇനി ഇവ തിരിച്ചുപിടിക്കാനുള്ള സാഹചര്യമില്ലെന്നും കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംസംഭവസ്ഥലത്തുതന്നെ തുടരുമെന്നും അതുൽ പിള്ള പറഞ്ഞു.

കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ചെരിഞ്ഞ എംഎസ്‌സി എല്‍സ 3യും കടലിൽ ഒഴുകിനടക്കുന്ന വസ്തുക്കളും

മറൈന്‍ ഗ്യാസ് യില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉളളതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Ship which got in accident at arabian sea sinking

dot image
To advertise here,contact us
dot image