ജോയ്‌ഫുൾ മാത്രമല്ല ചിയർഫുള്ളുമായ സ്ഥാനാർത്ഥിയാകും നിലമ്പൂരിൽ ഉണ്ടാകുയെന്ന് സണ്ണി ജോസഫ്

പിവി അൻവർ ഇഫക്ട് തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുമെന്നും സണ്ണി ജോസഫ്

dot image

കണ്ണൂർ: നിലമ്പൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നല്ല സ്ഥാനാർഥികളായി ഒന്നിലേറെ പേരുണ്ടെന്നും അതിൽ നിന്ന് ഏറ്റവും നല്ല സ്ഥാനാർത്ഥിയെ ഉടൻ തിരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പിവി അൻവർ ഇഫക്ട് തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. അൻവറിന്റെ ഉയർത്തിയ കാര്യങ്ങൾക്കൊന്നും സിപിഐഎമ്മിന് മറുപടി പറയാൻ പറ്റിയിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തെ അൻവർ തുറന്നുകാട്ടി. ജനപക്ഷത്തുനിന്ന് ശരിയായ നിലപാട് സ്വീകരിച്ചയാളാണ് അൻവർ. നിലമ്പൂരിൽ 'ജോയ്‌ഫുൾ' മാത്രമല്ല ചിയർഫുൾ ആയ സ്ഥാനാർത്ഥിയും കൂടിയാകും ഉണ്ടാകുക എന്നും ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സുസജ്ജമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ രണ്ട് പേരിലേക്ക് ചുരുക്കിയത് മാധ്യമങ്ങളാണെന്നും കൂടുതല്‍ പേരുകള്‍ പരിഗണനയിലുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനലാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ യുഡിഎഫിന്റെ കൂടെയുണ്ടാകുമെന്നും മുന്നണിയുടെ ഭാഗമാകുന്നത് എങ്ങനെയെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പ്രചാരണത്തില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യും. സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി പാര്‍ട്ടി ചിഹ്നത്തില്‍ ഉണ്ടാകുമോ എന്ന് ചോദിക്കണം. പാലക്കാട്ടെ ഗതികേട് സിപിഐഎമ്മിന് നിലമ്പൂരിലും ഉണ്ടാകുമോ എന്നറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പി വി അന്‍വര്‍ ആദ്യം പറഞ്ഞ നിലപാട് പിന്നീട് മാറ്റിയിരുന്നു. സ്ഥാനാര്‍ഥിയായി ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്', വി ഡി സതീശന്‍ പറഞ്ഞു.

കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. കാലതാമസമില്ലാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. യുഡിഎഫിന് ആശങ്കയില്ല. യുഡിഎഫ് നിലമ്പൂരില്‍ തിരിച്ചു വരുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പി വി അന്‍വര്‍ യുഡിഎഫിനൊപ്പമാണ്. പി വി അന്‍വറിനെ വിശ്വാസത്തിലെടുക്കുന്നു. അന്‍വര്‍ മാറി നില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ വേണ്ട. പി വി അന്‍വറിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കില്ല സ്ഥാനാര്‍ത്ഥി നിര്‍ണമയെന്നും അന്‍വറുമായി ആശയവിനിമയം മാത്രം നടത്തുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Content Highlights: KPCC president Sunny Joseph says Nilambur UDF candidate will be a cheerful leader

dot image
To advertise here,contact us
dot image