
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി തുറമുഖ കമ്പനി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നൽകി പണം തട്ടുന്നതായി പരാതികൾ ഉയർന്നിരുന്നു.
ഇ-മെയിൽ, വാട്ട്സാപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ പണം വാങ്ങുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ നിയമനങ്ങൾക്കായി ഒരു ഏജൻസിയേയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴിൽ പരസ്യങ്ങളിൽപ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി വ്യക്തമാക്കി.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളിൽപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്ത് ഒഴിവുണ്ടെന്ന തരത്തിൽ ഒഎൽഎക്സ് ആപ്പിൽ പരസ്യം വന്നിരുന്നു. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പരസ്യം പ്രത്യക്ഷപ്പെട്ടു. തുറമുഖ കമ്പനി അധികൃതർ പരാതി നൽകിയതോടെ ഇത് അപ്രത്യക്ഷമായി. പരസ്യത്തിൽ നൽകിയ മൊബൈൽ നമ്പരിൽ ബന്ധപ്പെടുമ്പോൾ സ്വിച്ച് ഓഫ് ആണ്. ഈ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Fake job advertisements in the name of Vizhinjam Port