ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് പിതാവ്, ബാലാവകാശ കമ്മീഷന് കത്ത് നൽകി

പരീക്ഷ ബോർഡ് നേരത്തെ ഫലം തടഞ്ഞു വെച്ചിരുന്നു

dot image

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. ഇതുസംബന്ധിച്ച് ബാലാവകാശ കമ്മീഷന് കത്ത് നൽകി. പരീക്ഷ ബോർഡ് നേരത്തെ ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാൽ ഫലം പുറത്തുവിടാൻ പരീക്ഷ ബോർഡിനോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ആവശ്യം. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാടിക്കുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.

ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു.

തുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Content Highlights: Father asks not to release SSLC results of students involved in Thamarassery Shahabas case

dot image
To advertise here,contact us
dot image