
കണ്ണൂര്‍: തപാല്‍ വോട്ട് പൊട്ടിച്ചു തിരുത്തിയെന്ന പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വോട്ടുമാറ്റി കുത്തുന്നവര്‍ക്ക് താന്‍ ചെറിയൊരു ജാഗ്രത നല്‍കിയതാണെന്നും അല്‍പ്പം ഭാവന കലര്‍ത്തിയാണ് താന്‍ സംസാരിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു. താന്‍ ബാലറ്റ് തിരുത്തിയാല്‍ ഒന്നും വായിക്കാന്‍ കഴിയില്ലെന്നും തന്റെ കയ്യക്ഷരം അത്രയും മോശമാണെന്നും ജി സുധാകരന്‍ പറഞ്ഞു.
'ആ പരാമര്‍ശം ഞാന്‍ പൊതുവേ പറഞ്ഞതാണ്. അല്‍പ്പം ഭാവന കലര്‍ത്തിയാണ് പറഞ്ഞത്. ഒരുതവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല. ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവര്‍ക്ക് ജാഗ്രത നല്‍കിയതാണ്. മൊഴിയെടുത്തപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്'-ജി സുധാകരന്‍ വ്യക്തമാക്കി.
36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
'തപാല്‍ വോട്ട് ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കെഎസ്ടിഎ നേതാവ് കെ വി ദേവദാസ് ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് തിരുത്തി. 15 % പേരും വോട്ട് ചെയ്തത് എതിര്‍ സ്ഥാനാര്‍ത്ഥിക്കായിരുന്നു. എന്റെ പേരില്‍ കേസ് എടുത്താലും കുഴപ്പമില്ല', എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. വക്കം പുരുഷോത്തമനായിരുന്നു അന്ന് ദേവദാസിന്റെ എതിരാളി. യൂണിയനിലെ മിക്ക ആളുകൾക്കും ദേവദാസിനെ അറിയില്ലായിരുന്നു എന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു.
പരാമർശത്തിൽ പുന്നപ്രയിലെ സുധാകരന്റെ വസതിയിൽ എത്തി അമ്പലപ്പുഴ തഹസിൽദാർ മൊഴിയെടുത്തിരുന്നു. പ്രസംഗത്തിൽ കേസെടുക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ആണ് മൊഴിയെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമർശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നു.
Content Highlights: didnt said we opened ballot papers says g sudhakaran after his remark become controversy