'തൃശൂരിൽ പൂരം സിന്ദൂരം തൊടുമ്പോൾ ഇന്ത്യയുടെ ആത്മാഭിമാനം സിന്ദൂരം തൊട്ടനിമിഷം'; സുരേഷ് ഗോപി

ദൗത്യത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് നൽകിയതിനേയും സുരേഷ് ഗോപി പ്രശംസിച്ചു

dot image

തൃശൂർ: പഹൽ​ഗാം ആക്രമണത്തിൽ ഇന്ത്യ നടത്തിയത് തിരിച്ചടിയല്ല, ലോക നീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പാകിസ്താൻ ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറ‍ഞ്ഞു.

നിലവിൽ ഡൽഹിയിലേക്ക് അടിയന്തരമായിട്ട് എത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും
ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.

ഈ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയതിനേയും സുരേഷ് ഗോപി പ്രശംസിച്ചു. തൃശൂരിൽ പൂരം സിന്ദൂരം തൊടുമ്പോൾ സേനയുടെ നീക്കം ഇന്ത്യയുടെ ആത്മാഭിമാനം സിന്ദൂരം തൊട്ട നിമിഷമാണെന്നാണ് സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് പുലർച്ചെയായിരുന്നു പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.

Content Highlights:Suresh Gopi reacts to Operation Sindoor

dot image
To advertise here,contact us
dot image