'എ രാജ ക്രിസ്ത്യന്‍ മതവിശ്വാസിയല്ല'; സുപ്രീംകോടതി വിധിയിലെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

ഒരു ആചാരം സംഭവിച്ചു എന്നതുകൊണ്ടുമാത്രം ഒരാള്‍ മതവിശ്വാസി ആകുന്നില്ലെന്നും തെളിവുകള്‍ അനുസരിച്ച് എ രാജ ക്രിസ്ത്യന്‍ മതവിശ്വാസിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

dot image

ഇടുക്കി: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയുളള സുപ്രീംകോടതി വിധിയിലെ നിരീക്ഷണങ്ങള്‍ പുറത്ത്. എ രാജയെ മാമോദീസ മുക്കിയെന്ന എബനേസര്‍ മണിയുടെ മൊഴി സുപ്രീംകോടതി തളളി. 54 വയസുളള ഒരാള്‍ 14-ാം വയസില്‍ മാമോദീസ ചടങ്ങിന്റെ പുരോഹിതനായി എന്നത് വിശ്വസനീയമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരു ആചാരം സംഭവിച്ചു എന്നതുകൊണ്ടുമാത്രം ഒരാള്‍ മതവിശ്വാസി ആകുന്നില്ലെന്നും തെളിവുകള്‍ അനുസരിച്ച് എ രാജ ക്രിസ്ത്യന്‍ മതിവിശ്വാസിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.


മാട്ടുപെട്ടി കുണ്ടള സിഎസ്‌ഐ ചര്‍ച്ചിലെ രജിസ്റ്റര്‍ വിശ്വസനീയമായ രേഖയല്ലെന്നും കോടതി പറഞ്ഞു. പളളി രജിസ്റ്ററിലെ പേരുകളും ജനന തിയതിയും എ രാജയുടെ കുടുംബാംഗങ്ങളുടേതല്ല. തെരഞ്ഞെടുപ്പ് കേസിലൂടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാധുത ചോദ്യംചെയ്യാനാവില്ല. എ രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കേണ്ടത് ഭരണകൂടം. ഭരണകൂടത്തിന്റെ ചുമതല നീതിന്യായ വ്യവസ്ഥ ഏറ്റെടുക്കരുതെന്നും കോടതി വിമര്‍ശിച്ചു.


തന്റെ പൂര്‍വ്വികര്‍ 1950-ന് മുന്‍പ് കുടിയേറിയവരാണെന്ന എ രാജയുടെ വാദം സുപ്രീംകോടതി ശരിവെച്ചു. എ രാജ പട്ടികജാതിക്കാരനാണെന്നും ദേവികുളത്ത് മത്സരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. എ രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കാനല്ല ഹര്‍ജി പരിഗണിച്ചതെന്നും ഡി കുമാറിന് പരാതിയുണ്ടെങ്കില്‍ പട്ടിക ജാതി ചട്ടങ്ങള്‍ അനുസരിച്ച് പരാതി നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുള്ള, പികെ മിശ്ര എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ്  ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. പട്ടികജാതി സംവരണത്തിന് രാജയ്ക്ക് എല്ലാ അർഹതയും ഉണ്ടെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ തെരഞ്ഞെടുപ്പ് ഹർജിയിലെ ആക്ഷേപം.

ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ല. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലുള്ളവരാണെന്നും മാട്ടുപ്പെട്ടി സിഎസ്‌ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നുമായിരുന്നു ഡി കുമാറിന്റെ വാദം.

Content Highlights: supreme court upholds devikulam mla a raja's election victory from sc st seat

dot image
To advertise here,contact us
dot image