'അധ്യക്ഷന്‍റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയണം'; ആന്റോ ആന്റണിക്കും സണ്ണി ജോസഫിനുമെതിരെ പോസ്റ്റർ

സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ

dot image

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണിക്കും, സണ്ണി ജോസഫിനുമെതിരെ എറണാകുളം കളമശ്ശേരിയിൽ പോസ്റ്റർ. ഫോട്ടോ കണ്ടാൽ പോലും സാധാരണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആന്റോ ആന്റണിയും, സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്നാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ.

നേരത്തെ കെ മുരളീധരനും സമാന അഭിപ്രായവുമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡൻ്റ് എന്നായിരുന്നു കെ മുരളീധരന്റെ പരാമർശം. ആൻ്റോ ആൻ്റണിയുടെ പേര് പറയാതെയായിരുന്നു മുരളീധരന്റെ അഭിപ്രായപ്രകടനം. കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. കത്തോലിക്കാ സഭയും ഹെെക്കമാൻഡിന് മുന്നിൽ ആന്റോ ആന്റണി എംപിയുടെയും സണ്ണി ജോസഫ് എംഎൽഎയുടെയും പേരുകള്‍ നിർദേശിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ കണ്ടാണ് ബിഷപ്പുമാര്‍ നിലപാട് അറിയിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്റെ പേര് ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Content Highlights: Posters against Anto Antony and Sunny Joseph at ernakulam

dot image
To advertise here,contact us
dot image