
മലപ്പുറം: മലപ്പുറം സ്വദേശിയായ അഞ്ച് വയസ്സുകാരി പേവിഷ ബാധയേറ്റ് മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവും നാട്ടുകാരും. മാർച്ച് 29 നാണ് കുട്ടിയ്ക്ക് നായയുടെ കടിയേൽക്കുന്നത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലെന്നാണ് പറഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ചികിൽസ നൽകിയ ശേഷം 48 മണിക്കൂർ കഴിഞ്ഞു വരാനാണ് പറഞ്ഞത്. പിന്നീട് പനി ബാധിച്ചപ്പോൾ കുട്ടിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്‌ഥയിലായി എന്നും മരിച്ച കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
നായയുടെ കടിയേറ്റ് അര മണിക്കൂറിനകം തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി അര മണിക്കൂർ കഴിഞ്ഞാണ് ചികിത്സ നൽകിയതെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരൻ മുജീബ് ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ആദ്യം ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. ചികിത്സ കഴിഞ്ഞ് മുറിവിൽ ഒന്നും ചെയ്യാതെയാണ് വീട്ടിലേക്ക് വിട്ടത്. 48 മണിക്കൂർ കഴിഞ്ഞാണ് അടുത്ത ചികിത്സയെന്നും പറഞ്ഞു. കുട്ടിയുടെ തലയിലായിരുന്നു പ്രധാന മുറിവ്. അത് ചികിത്സിക്കാതെ ചെറിയ മുറിവുകൾ ആണ് പരിശോധിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുത്താൻ പോലും ജീവനക്കാർ തയ്യാറായില്ല. രണ്ട് ദിവസം കഴിഞ്ഞു പോയതിന് ശേഷമാണ് മുറിവ് തുന്നിയത്. തലയിൽ മാത്രം പത്തിലധികം തുന്ന് ഉണ്ടായിരുന്നുവെന്നും മുജീബ് ആരോപിക്കുന്നു.
മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞത് വസ്‌തുത വിരുദ്ധമാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് വാക്‌സിൻ വെക്കാൻ രക്ഷിതാക്കൾ സമ്മതിച്ചില്ലന്ന് പറയുന്നതും വസ്തുത വിരുദ്ധമാണ്. തലക്ക് ആഴത്തിൽ മുറിവ് ഉണ്ടെന്നാണ് ഡോക്ടർന്മാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കൃത്യമായി ചികിത്സ നൽകിയിരുന്നു എങ്കിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു. നായ കടിച്ചു കഴിഞ്ഞാൽ മൂന്ന് മണിക്കൂർ നിർണായകമെന്നാണ് ഡോക്ടർന്മാർ തന്നെ പറഞ്ഞത്. പക്ഷേ കോഴിക്കോട് എത്തി അര മണിക്കൂർ കഴിഞ്ഞാണ് ചികിത്സ പോലും ലഭിച്ചത്. സർക്കാരിൽ നിന്നോ ആരോഗ്യ വകുപ്പിൽ നിന്നോ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരൻ മുജീബ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 29നായിരുന്നു മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടി മരിച്ചത്. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: Allegation of medical penalty in the death of a five-year-old girl due to rabies