
ന്യൂഡല്‍ഹി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടന്‍ മാറ്റും. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വരും. തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ കെ സുധാകരന്‍ ഇന്ന് ഡല്‍ഹിയിലെത്തി. അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. സുധാകരനെ ദേശീയ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കും.
ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരെയാണ് പുതിയ അദ്ധ്യക്ഷനാവാന്‍ പരിഗണിക്കുന്നത്.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് ഇരുനേതാക്കളെയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കണ്‍വീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്.
Content Highlights: K Sudhakaran to be replaced as KPCC president soon