പുലിപ്പല്ലല്ലേ, ആറ്റംബോംബൊന്നുമല്ലല്ലോ; വേടന്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

വേടൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

dot image

തിരുവനന്തപുരം: റാപ്പർ വേടനെതിരായി നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം പി. വേടന്റെ കഴുത്തിലുള്ളത് പുലിപ്പല്ലല്ലേ, ആറ്റംബോംബ് ഒന്നുമല്ലല്ലോ എന്നായിരുന്നു വനംവകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ട് ജോൺബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചത്. വേടൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും കേസ് ആ വഴിക്ക് നീങ്ങുമെന്നുമുള്ള വനംവകുപ്പിന്റെ നിലപാടിനെയും ജോൺ ബ്രിട്ടാസ് അതിരൂക്ഷമായി വിമർശിച്ചു. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇതെന്നും വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജോൺബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്
റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ ഉണ്ടാകും. ഇതിനേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാർത്താ ശകലമാണ്; “വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ല.

വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. എന്നാൽ ഇപ്പോഴും അടുക്കളയിൽ കയറി കറിച്ചട്ടി പൊക്കാൻ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുൽസാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Content Highlights: john brittas criticised forest department mp on vedan issue

dot image
To advertise here,contact us
dot image